357 യാത്രക്കാർ, ലാൻഡിങ്ങിനിടെ പക്ഷിയിടിച്ചു,എമിറേറ്റ്സ് വിമാനത്തിനും കേടുപാട്
ബോയിങ് 777-300 വിഭാഗത്തിൽപ്പെട്ട വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കേണ്ടതിനാൽ മടക്കയാത്ര 15 മണിക്കൂറിലധികം വൈകുമെന്നാണ് റിപ്പോർട്ട്. തകരാർ പരിഹരിച്ച് ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ വിമാനം സർവീസ് പുനരാരംഭിക്കാനാകുമെന്നാണ് വിമാനക്കമ്പനിയുടെ പ്രതീക്ഷ
ഡൽഹി: ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യുന്നതിനിടെ പക്ഷിയിടിച്ചതിനെ തുടർന്ന് എമിറേറ്റ്സ് വിമാനത്തിന് കേടുപാടുകൾ സംഭവിച്ചു. ദുബായിൽനിന്ന് ഡൽഹിയിലേക്ക് എത്തിയ EK 517 വിമാനമാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.10ഓടെ അപകടത്തിൽപ്പെട്ടത്. വിമാനത്തിന്റെ മുൻഭാഗത്തെ നോസ് കോണിന് സാരമായ തകരാർ സംഭവിച്ചതായാണ് വിവരം.
ബോയിങ് 777-300 വിഭാഗത്തിൽപ്പെട്ട വിമാനത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കേണ്ടതിനാൽ മടക്കയാത്ര 15 മണിക്കൂറിലധികം വൈകുമെന്നാണ് റിപ്പോർട്ട്. തകരാർ പരിഹരിച്ച് ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ വിമാനം സർവീസ് പുനരാരംഭിക്കാനാകുമെന്നാണ് വിമാനക്കമ്പനിയുടെ പ്രതീക്ഷ. സംഭവസമയത്ത് ജീവനക്കാരുൾപ്പെടെ 357 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം അറിയിച്ച എമിറേറ്റ്സ്, താമസസൗകര്യം ഉൾപ്പെടെയുള്ള സഹായങ്ങൾ ഒരുക്കിയതായും വ്യക്തമാക്കി.
ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് പക്ഷിയിടിക്കുന്ന സംഭവങ്ങൾ കഴിഞ്ഞ രണ്ട് വർഷമായി വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. വിമാനത്താവളത്തിന് സമീപമുള്ള മാലിന്യനിക്ഷേപവും ഇറച്ചി വിൽപ്പനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പക്ഷികളുടെ സാന്നിധ്യം വർധിപ്പിക്കുന്നതായി എയർഫീൽഡ് മാനേജ്മെന്റ് കമ്മിറ്റി കഴിഞ്ഞ മാസത്തെ യോഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. വിമാനങ്ങളുടെ സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്ന ഇത്തരം സംഭവങ്ങൾ നിയന്ത്രിക്കാനുള്ള നടപടികൾക്ക് ഇതോടെ വീണ്ടും പ്രാധാന്യമേറുകയാണ്.
Comments ()