കൃഷിയിൽ വിസ്മയിപ്പിച്ച ആറാം ക്ലാസുകാരന് ഇനി സ്വന്തം വീട്; ആദിത്യന് വീടുവെച്ച് നൽകുമെന്ന് കൃഷിമന്ത്രി
വിസ്മയിപ്പിക്കുന്ന കൃഷിയറിവുകളിലൂടെ പുതുതലമുറയ്ക്ക് മാതൃകയായ ആദിത്യന്റെ ജീവിതസാഹചര്യത്തെക്കുറിച്ച് പുറംലോകം അറിഞ്ഞതോടെയാണ് മന്ത്രിയുടെ ഇടപെടലുണ്ടായത്. ഒറ്റമുറി ഷെഡിലാണ് കുട്ടിയും കുടുംബവും കഴിയുന്നത്
ആലപ്പുഴ: കൃഷിയിലൂടെ ശ്രദ്ധേയനായ ആലപ്പുഴ അരീപ്പറമ്പ് സ്വദേശി ആദിത്യന് സർക്കാർ ഇടപെടലിൽ ഇനി സ്വന്തമായി ഒരു വീട്. ആറാം ക്ലാസ് വിദ്യാർഥിയായ 12കാരന്റെ കൃഷിയിലെ മികവും നിലവിലെ താമസസാഹചര്യവും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് കൃഷിമന്ത്രി ടി. സിദ്ദിഖ് വീട് നിർമിച്ച് നൽകുമെന്ന് പ്രഖ്യാപിച്ചത്.
വിസ്മയിപ്പിക്കുന്ന കൃഷിയറിവുകളിലൂടെ പുതുതലമുറയ്ക്ക് മാതൃകയായ ആദിത്യന്റെ ജീവിതസാഹചര്യത്തെക്കുറിച്ച് പുറംലോകം അറിഞ്ഞതോടെയാണ് മന്ത്രിയുടെ ഇടപെടലുണ്ടായത്. ഒറ്റമുറി ഷെഡിലാണ് കുട്ടിയും കുടുംബവും കഴിയുന്നത്. പരിമിതമായ സാഹചര്യങ്ങൾക്കിടയിലും കൃഷിയോടുള്ള താൽപര്യം കൈവിടാതെ വിവിധ കൃഷിരീതികൾ പരീക്ഷിച്ചാണ് ആദിത്യൻ ശ്രദ്ധ നേടിയത്.
കൊച്ചിയിൽ നടന്ന കാർഷിക ദിനാഘോഷ ചടങ്ങിലായിരുന്നു ആദിത്യന്റെ കൃഷിമികവിന് ആദരം നൽകിയത്. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ കൃഷിമന്ത്രി കുട്ടിക്കർഷകന് വീട് നിർമിച്ച് നൽകാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചു.
പ്രായം ചെറുതാണെങ്കിലും കൃഷിയോടുള്ള ആദിത്യന്റെ സമർപ്പണവും അറിവും നിരവധി പേർക്ക് പ്രചോദനമായിട്ടുണ്ട്. കൃഷിയിലേക്ക് കൂടുതൽ കുട്ടികളെ ആകർഷിക്കാനും പുതുതലമുറയിൽ കാർഷിക സംസ്കാരം വളർത്താനും ആദിത്യന്റെ പ്രവർത്തനങ്ങൾ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
Comments ()