ഭക്ഷണം കഴിക്കുന്നതിനിടെ അമ്മയ്ക്കും അഞ്ചുവയസുകാരനും ഇടിമിന്നലേറ്റു, പൊള്ളലേറ്റ് ആശുപത്രിയില്
ഇടിമിന്നലിനെ തുടർന്ന് വീട്ടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിക്കുകയും വൈദ്യുത വയറുകൾ കത്തിനശിക്കുകയും ചെയ്തു
കൊല്ലം: കുണ്ടറ നെടുമ്പനയിൽ വീട്ടിനുള്ളിൽ ഭക്ഷണം കഴിക്കുന്നതിനിടെ അമ്മയ്ക്കും അഞ്ചുവയസുകാരനായ മകനും ഇടിമിന്നലേറ്റ് പരിക്കേറ്റു. ശാസ്താംപൊയ്ക ഉഗ്രാംകുന്ന് അജിത് ഭവനിൽ അജിത്തിന്റെ ഭാര്യ ശ്രീദേവി (28), മകൻ ആദിദേവ് (5) എന്നിവർക്കാണ് പൊള്ളലേറ്റത്. കുട്ടിയുടെ ശരീരമാസകലം പൊള്ളലേറ്റപ്പോൾ ശ്രീദേവിയുടെ വയറിന്റെ ഭാഗത്താണ് പരിക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിമിന്നലിനെ തുടർന്ന് വീട്ടിലെ സ്വിച്ച് ബോർഡുകൾ പൊട്ടിത്തെറിക്കുകയും വൈദ്യുത വയറുകൾ കത്തിനശിക്കുകയും ചെയ്തു. വീടിന്റെ ചുവരിനും കിണറിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
ശ്രീദേവിയും മകനും അടുക്കളയിലേക്ക് പോയ സമയത്താണ് ശക്തമായ ഇടിമിന്നലുണ്ടായത്. വീട്ടിലെ മുൻമുറിയിൽ ശ്രീദേവിയുടെ ഭർതൃമാതാവ് നന്ദിനിയും മറ്റു രണ്ട് കുട്ടികളും ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു. അടുക്കള ഭാഗത്തുനിന്ന് നിലവിളി കേട്ടെത്തിയ കുടുംബാംഗങ്ങൾ അമ്മയെയും മകനെയും നിലത്ത് വീണുകിടക്കുന്ന നിലയിൽ കണ്ടെത്തി. തുടർന്ന് അയൽവാസികളുടെ സഹായത്തോടെ ഇരുവരെയും ആദ്യം നെടുമ്പന ടി.ബി ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. കുട്ടിയുടെ ആരോഗ്യനില ഗുരുതരമായതിനെ തുടർന്നാണ് തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റിയത്.
ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷമാണ് പ്രദേശത്ത് മഴയുടെ ശക്തി കുറഞ്ഞതെങ്കിലും ഇടിയും മിന്നലും രൂക്ഷമായിരുന്നു. ഇതേ പ്രദേശത്തെ മറ്റൊരു വീട്ടിലും ഏതാനും ദിവസം മുമ്പ് ഇടിമിന്നലുണ്ടായി നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നുവെന്ന് പഞ്ചായത്തംഗം നിസാമോൾ അറിയിച്ചു. സംഭവത്തെ തുടർന്ന് പ്രദേശവാസികൾ ആശങ്കയിലാണ്.
Comments ()