ബംഗാൾ ഉൾക്കടലിൽ ഇരട്ട ന്യൂനമര്‍ദങ്ങള്‍, ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
ശനിയാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴയുടെ തീവ്രത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഇരട്ട ന്യൂനമര്‍ദങ്ങള്‍ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുമെന്നാണ് പ്രവചനം. മഴയുടെ തീവ്രത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തമിഴ്നാട് തീരത്തോടു ചേർന്ന പ്രദേശങ്ങൾക്കും മുകളിലായി സമുദ്രനിരപ്പിൽനിന്ന് 5.8 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനത്തിൽ അടുത്ത 24 മണിക്കൂറിനുള്ളിൽ ഈ മേഖലയിൽ ന്യൂനമർദം രൂപപ്പെട്ടേക്കും. അതേസമയം, തായ്ലൻഡ് ഉൾക്കടലിനും തായ്ലൻഡ്, മ്യാൻമർ മേഖലകൾക്കും മുകളിലായി മറ്റൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഇത് ബുധനാഴ്ച രാവിലെയോടെ വടക്കൻ ആൻഡമാൻ കടലിൽ പ്രവേശിക്കാനാണ് സാധ്യത.
ആൻഡമാൻ കടലിലെത്തുന്ന ചക്രവാതച്ചുഴി പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുമെന്നും വെള്ളിയാഴ്ചയോടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപത്തെ മധ്യ-കിഴക്കൻ ബംഗാൾ ഉൾക്കടൽ മേഖലയിലും ന്യൂനമർദമായി മാറാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ സംവിധാനം പിന്നീട് കൂടുതൽ ശക്തിപ്രാപിക്കാനും സാധ്യതയുണ്ട്. ഇതിന്റെ ഫലമായി കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴയ്ക്കും മറ്റു പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റും വീശിയേക്കും.
യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
- ഒക്ടോബർ 20: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
- ഒക്ടോബർ 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം.
- ഒക്ടോബർ 22: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
- ഒക്ടോബർ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ.
- ഒക്ടോബർ 24: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. ശക്തമായ കാറ്റുണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ മരങ്ങൾക്കും വൈദ്യുത ലൈനുകൾക്കും സമീപം സുരക്ഷിത അകലം പാലിക്കണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
Comments ()