കാറും വീടും സർക്കാർ ജോലിയുമുണ്ട്, എന്നിട്ടും സൗജന്യ റേഷൻ; അനർഹർ പട്ടികയിൽ വ്യാപകം
മൂന്നോ അതിലധികമോ മുറികളുള്ള വീടുകൾ, സ്വന്തമായി കാർ, എയർ കണ്ടീഷണർ തുടങ്ങിയ സൗകര്യങ്ങളുള്ള കുടുംബങ്ങളും പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ കണ്ടെത്തിയിട്ടുണ്ട്
ദില്ലി: രാജ്യത്ത് സൗജന്യ റേഷൻ വിതരണം ചെയ്യുന്ന പ്രധാൻമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയുടെ ഗുണഭോക്തൃ പട്ടികയിൽ അർഹതയില്ലാത്ത നിരവധി കുടുംബങ്ങൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ പഠന റിപ്പോർട്ട്. പദ്ധതിയുടെ ആനുകൂല്യം കൈപ്പറ്റുന്നവരിൽ 13.2 ശതമാനം പേരും മാനദണ്ഡങ്ങൾ പാലിക്കാത്തവരാണെന്നാണ് കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായത്. 51,303 കുടുംബങ്ങളെ ഉൾപ്പെടുത്തി നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ.
അനർഹരായവരുടെ എണ്ണത്തിൽ പശ്ചിമ ബംഗാളാണ് മുന്നിൽ. സംസ്ഥാനത്തെ സൗജന്യ റേഷൻ ഗുണഭോക്താക്കളിൽ 39.5 ശതമാനം പേരും അർഹതയില്ലാത്തവരാണെന്നാണ് കണക്ക്. കാർ സ്വന്തമായുള്ളവരും സർക്കാർ ജീവനക്കാരുമടക്കം സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യത്തിലുള്ള കുടുംബങ്ങൾ പോലും സൗജന്യ ഭക്ഷ്യധാന്യങ്ങൾ കൈപ്പറ്റുന്നുണ്ടെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.
മൂന്നോ അതിലധികമോ മുറികളുള്ള വീടുകൾ, സ്വന്തമായി കാർ, എയർ കണ്ടീഷണർ തുടങ്ങിയ സൗകര്യങ്ങളുള്ള കുടുംബങ്ങളും പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയിൽ കണ്ടെത്തിയിട്ടുണ്ട്. കുടുംബത്തിലെ അംഗങ്ങൾക്ക് സർക്കാർ ജോലിയുള്ള സാഹചര്യങ്ങളിലും സൗജന്യ റേഷൻ ലഭിക്കുന്നതായി പഠനത്തിൽ വ്യക്തമായി. സംസ്ഥാനങ്ങൾ നിശ്ചയിച്ചിട്ടുള്ള അർഹതാ വ്യവസ്ഥകൾ മറികടന്നാണ് ഇത്തരം കുടുംബങ്ങൾ ആനുകൂല്യം നേടുന്നത്.
2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ 36 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഗ്രാമീണ, നഗര മേഖലകളിൽ നിന്നുള്ള കുടുംബങ്ങളെയാണ് പഠനത്തിനായി പരിഗണിച്ചത്. ഗ്രാമപ്രദേശങ്ങളിൽ അനർഹരായ ഗുണഭോക്താക്കളുടെ വിഹിതം 12.5 ശതമാനമാണെങ്കിൽ നഗരങ്ങളിൽ ഇത് 15.6 ശതമാനമാണ്. അന്ത്യോദയ അന്ന യോജന വിഭാഗത്തിൽ 12.2 ശതമാനവും മുൻഗണനാ വിഭാഗത്തിൽ 13.4 ശതമാനവും അനർഹരുണ്ടെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കുകളിലും വലിയ വ്യത്യാസമുണ്ട്. പശ്ചിമ ബംഗാളിൽ 39.5 ശതമാനവും ത്രിപുരയിൽ 39.2 ശതമാനവും തമിഴ്നാട്ടിൽ 38.7 ശതമാനവും ഗുണഭോക്താക്കൾ അനർഹരാണെന്നാണ് കണ്ടെത്തൽ. മേഘാലയയിൽ 28.5 ശതമാനവും ബിഹാറിൽ 25.5 ശതമാനവും ഒഡീഷയിൽ 22.9 ശതമാനവുമാണ് നിരക്ക്. മറുഭാഗത്ത് ജമ്മു കശ്മീരിൽ 0.3 ശതമാനം, മധ്യപ്രദേശിൽ 0.5 ശതമാനം, ഹരിയാനയിലും ഡൽഹിയിലും ഒരു ശതമാനം വീതം, രാജസ്ഥാനിൽ 1.8 ശതമാനം എന്നിങ്ങനെയാണ് അനർഹരുടെ കണക്ക്.
സൗജന്യ റേഷൻ പദ്ധതിയിലെ ക്രമക്കേടുകൾ പൊതുഖജനാവിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു. 2025-26 സാമ്പത്തിക വർഷത്തെ കേന്ദ്ര സർക്കാരിന്റെ മൊത്തം സബ്സിഡി ചെലവ് 4.69 ലക്ഷം കോടി രൂപയാണ്. ഇതിൽ 2.28 ലക്ഷം കോടി രൂപയും ഭക്ഷ്യ സബ്സിഡിക്കായി മാറ്റിവെച്ചതാണ്.
അർഹതയില്ലാത്തവർ പട്ടികയിൽ തുടരുന്നത് ഒഴിവാക്കാൻ ഗുണഭോക്തൃ വിവരങ്ങൾ നിശ്ചിത ഇടവേളകളിൽ പരിശോധിച്ച് പുതുക്കണമെന്നാണ് പഠനത്തിലെ പ്രധാന നിർദേശം. ഇതോടൊപ്പം ആധാർ അധിഷ്ഠിത പരിശോധന കൂടുതൽ കർശനമാക്കി യഥാർഥത്തിൽ സഹായം ആവശ്യമുള്ള കുടുംബങ്ങളിലേക്ക് മാത്രം ആനുകൂല്യം എത്തിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
Comments ()