അമ്മയുടെ കൊലപാതകക്കേസിലെ സാക്ഷിയായ മകൾ തൂങ്ങിമരിച്ച നിലയിൽ
കേസിലെ മുഖ്യപ്രതിയായ പെൺകുട്ടിയുടെ പിതാവ് അടുത്തിടെ ജാമ്യത്തിലിറങ്ങി കുട്ടിയെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി ബന്ധുക്കൾ ആരോപിച്ചു.
കൊൽക്കത്ത: മാതാവിന്റെ കൊലപാതകക്കേസിലെ നിർണ്ണായക സാക്ഷിയായിരുന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ അമ്മവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അതുൽ കൃഷ്ണ വിദ്യാലയത്തിലെ വിദ്യാർഥിനിയായ സയാനി ശികാരിയാണ് മരിച്ചത്. കേസിലെ മുഖ്യപ്രതിയായ പെൺകുട്ടിയുടെ പിതാവ് സമീർ ശികാരി അടുത്തിടെ ജാമ്യത്തിലിറങ്ങി കുട്ടിയെ നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.
2023 ഒക്ടോബറിൽ സയാനിയുടെ അമ്മ മാലാ ശികാരി കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് സമീർ ശികാരി അറസ്റ്റിലായത്. അമ്മയുടെ മരണശേഷം മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു സയാനിയുടെ താമസം. മൂന്ന് വർഷത്തോളം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന സമീർ അടുത്തിടെയാണ് ജാമ്യം നേടി പുറത്തിറങ്ങിയത്. തുടർന്ന് ഇയാൾ സയാനിയെ ബന്ധപ്പെടാൻ നിരന്തരം ശ്രമിച്ചിരുന്നതായും ഇത് കുടുംബത്തിൽ കടുത്ത ആശങ്കയുണ്ടാക്കിയിരുന്നതായും ബന്ധുക്കൾ പറയുന്നു. ഇക്കാര്യം പൊലീസിൽ അറിയിച്ചതിനെത്തുടർന്ന് പെൺകുട്ടിയുടെ സിം കാർഡും ഫോൺ നമ്പറും മാറ്റാൻ നിർദേശം നൽകിയിരുന്നു. എന്നാൽ പുതിയ നമ്പറും ഇയാൾ എങ്ങനെയോ കൈക്കലാക്കിയതായാണ് ബന്ധുക്കളുടെ ആരോപണം.
സംഭവ ദിവസം സയാനി വീട്ടിൽ തനിച്ചായിരുന്നു. വൈകിട്ട് കുടുംബാംഗങ്ങൾ തിരിച്ചെത്തിയപ്പോഴാണ് മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ മുത്തച്ഛൻ കുട്ടിയെ കണ്ടെത്തിയത്. വിവരമറിഞ്ഞെത്തിയ പൊലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. മരിക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ സയാനി പിതാവുമായി സംസാരിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ കണ്ടെത്താൻ പെൺകുട്ടിയുടെ മൊബൈൽ ഫോൺ പൊലീസ് പിടിച്ചെടുത്ത് പരിശോധിച്ചുവരികയാണ്.
സയാനിയുടെ മരണത്തിൽ പിതാവ് സമീറിന് നേരിട്ടോ അല്ലാതെയോ പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്ന് മുത്തച്ഛൻ നിതൻ ബോസും ബന്ധു സുഭാഷ് ബാരിക്കും ആവശ്യപ്പെട്ടു. എന്നാൽ അന്വേഷണം പൂർത്തിയാകാതെ നിഗമനങ്ങളിലേക്ക് എത്തരുതെന്ന് പൊലീസ് വ്യക്തമാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഫോൺ രേഖകളുടെ പരിശോധനാ ഫലവും പുറത്തുവന്നാലേ മരണകാരണം സംബന്ധിച്ച് വ്യക്തത ലഭിക്കൂ എന്നും എല്ലാ വശങ്ങളും വിശദമായി പരിശോധിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
Comments ()