കാന്‍സറിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

കുപ്പിവെള്ളത്തിൽ കാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് ബിസ്‌ലേരി ഉൾപ്പെടെ അഞ്ച് കമ്പനികൾക്കെതിരെ എഫ്എസ്എസ്എഐ പ്രോസിക്യൂഷന് അനുമതി നൽകി.

കാന്‍സറിന് കാരണമാകുന്ന വസ്തുക്കളുടെ സാന്നിധ്യം; ബിസ്‌ലേരിക്കെതിരെ പ്രോസിക്യൂഷന് അനുമതി നൽകി എഫ്എസ്എസ്എഐ

ന്യൂഡൽഹി: ബിസ്‌ലേരി (Bisleri) ഉൾപ്പെടെ അഞ്ച് ഭക്ഷ്യോൽപ്പാദന കമ്പനികൾക്കെതിരെ പ്രോസിക്യൂഷൻ നടപടികൾക്ക് അനുമതി നൽകി ഭക്ഷ്യസുരക്ഷാ ഗുണനിലവാര അതോറിറ്റി (FSSAI). ബിസ്‌ലേരിയുടെ പാക്കേജ്ഡ് കുടിവെള്ള സാമ്പിൾ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് ഈ നടപടി. വെള്ളത്തിൽ അനുവദനീയമായ അളവിൽ കൂടുതൽ ബ്രോമേറ്റ് (Bromate), പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) എന്നീ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

വസന്ത് മസാല, ടിറ്റ്-ബിറ്റ് ഫുഡ്‌സ്, മിമാൻസ ഇൻഡസ്ട്രീസ്, ആശ കൺഫെക്ഷനറി എന്നിവയാണ് നടപടി നേരിടുന്ന മറ്റ് കമ്പനികൾ. ഭക്ഷ്യസുരക്ഷാ നിയമലംഘനത്തെത്തുടർന്ന് ഇതിൽ രണ്ട് സ്ഥാപനങ്ങളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. കൂടാതെ, ആശ കൺഫെക്ഷനറിയുടെ ചോക്ലേറ്റ് കുക്കീസ് വിപണിയിൽ നിന്ന് തിരിച്ചുവിളിക്കാനും അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

ബിസ്‌ലേരി കുടിവെള്ളത്തിന്റെ പ്രാഥമിക പരിശോധനയിൽ അനുവദനീയമായ പരിധിയിലും കൂടുതൽ ബ്രോമേറ്റ് അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 2006-ലെ ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ഈ കുടിവെള്ളം ഉപയോഗയോഗ്യമല്ലെന്ന് (സുരക്ഷിതമല്ലെന്ന്) പ്രഖ്യാപിച്ചു. ഇതിനെതിരെ കമ്പനി അപ്പീൽ നൽകിയതിനെത്തുടർന്ന് സാമ്പിൾ റഫറൽ ഫുഡ് ലബോറട്ടറിയിൽ (Referral Food Laboratory) വീണ്ടും പരിശോധനയ്ക്ക് അയച്ചു. എന്നാൽ രണ്ടാമത്തെ പരിശോധനയിലും വെള്ളം സുരക്ഷിതമല്ലെന്ന് തന്നെയാണ് സ്ഥിരീകരിച്ചത്. ഈ പരിശോധനയിലാണ് പോളിന്യൂക്ലിയർ ആരോമാറ്റിക് ഹൈഡ്രോകാർബണുകളുടെ (PAHs) സാന്നിധ്യവും വ്യക്തമായത്. ബ്രോമേറ്റും PAHs-ഉം ക്യാൻസറിന് കാരണമായേക്കാവുന്ന മാരക രാസവസ്തുക്കളായാണ് കണക്കാക്കപ്പെടുന്നത്.