കീടനാശിനി ഉള്ളിൽച്ചെന്ന് ബിജെപി വനിതാ എംഎൽഎ അതീവ ഗുരുതരാവസ്ഥയിൽ; വെന്റിലേറ്ററിൽ
നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഓർഗാനോഫോസ്ഫറസ് വിഭാഗത്തിൽപ്പെട്ട കീടനാശിനി ശരീരത്തിലെത്തിയെന്നാണ് പ്രാഥമിക മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ബിജെപി വനിതാ എംഎൽഎയ്ക്ക് കീടനാശിനി ഉള്ളിൽച്ചെന്ന് ഗുരുതര ആരോഗ്യപ്രശ്നം. ഹിംഗൽഗഞ്ച് മണ്ഡലത്തിലെ എംഎൽഎ രേഖ പത്രയാണ് കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്. കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഓർഗാനോഫോസ്ഫറസ് വിഭാഗത്തിൽപ്പെട്ട കീടനാശിനി ശരീരത്തിലെത്തിയെന്നാണ് പ്രാഥമിക മെഡിക്കൽ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഞായറാഴ്ച രാത്രിയോടെയാണ് രേഖ പത്രയ്ക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. തുടർന്ന് ആദ്യം ബസിർഹട്ട് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില കൂടുതൽ വഷളായതോടെ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുമ്പോൾ തന്നെ അബോധാവസ്ഥയിലായിരുന്ന എംഎൽഎ ഇതുവരെ ബോധം വീണ്ടെടുത്തിട്ടില്ല. മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും വെന്റിലേറ്ററിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു.
കീടനാശിനി എങ്ങനെയാണ് ഉള്ളിൽ എത്തിയതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മെഡിക്കോ-ലീഗൽ റിപ്പോർട്ടിൽ ഓർഗാനോഫോസ്ഫറസ് വിഭാഗത്തിൽപ്പെട്ട കീടനാശിനിയുടെ സാന്നിധ്യം പരാമർശിക്കുന്നുണ്ട്. വിഷബാധയുടെ സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ് അന്വേഷണ സംഘം.
2024-ൽ പശ്ചിമ ബംഗാളിലെ സന്ദേശ്ഖാലിയിൽ മുൻ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെതിരെ സ്ത്രീകൾ നടത്തിയ പ്രതിഷേധങ്ങളിലൂടെയാണ് രേഖ പത്ര ദേശീയ ശ്രദ്ധ നേടിയത്. പിന്നീട് 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ബസിർഹട്ട് മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. 2026 മേയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഹിംഗൽഗഞ്ചിൽ നിന്ന് വിജയിച്ചാണ് നിയമസഭയിലെത്തിയത്.
അടുത്ത ആഴ്ചകളിൽ ബിജെപിയുടെ ജില്ലാ നേതൃത്വവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രേഖ പത്ര പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചും സ്വന്തം രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും അവർ അടുത്തിടെ പ്രതികരണങ്ങൾ നടത്തിയിരുന്നു. ഇതിനിടെയാണ് എംഎൽഎയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
Comments ()