സ്റ്റേ കമ്പിയിൽ തട്ടി ഷോക്കേറ്റു;മീൻപിടിക്കാനെത്തിയ വിദ്യാർഥിക്ക് ദാരുണാന്ത്യം
വൈദ്യുതി ലൈനുമായി സമ്പർക്കത്തിലായിരുന്ന സ്റ്റേ കമ്പിയിൽ കുട്ടി തൊടുകയായിരുന്നു. കമ്പിയുടെ ഒരു ഭാഗം വൈദ്യുത ലൈനിൽ തട്ടിയിരുന്നതാണ് ഷോക്കേൽക്കാൻ കാരണമായതെന്നാണ് വിവരം
മലപ്പുറം: സുഹൃത്തുക്കൾക്കൊപ്പം വയലിൽ മീൻപിടിക്കാനെത്തിയ 13കാരന് വൈദ്യുതാഘാതമേറ്റ് ദാരുണാന്ത്യം. തിരൂരങ്ങാടി ചെറുമുക്ക് പടിഞ്ഞാറേത്തറ സ്വദേശി ഷിഹാബുദ്ദീന്റെ മകൻ ജുനൈദാണ് മരിച്ചത്.
വൈദ്യുതി ലൈനുമായി സമ്പർക്കത്തിലായിരുന്ന സ്റ്റേ കമ്പിയിൽ കുട്ടി തൊടുകയായിരുന്നു. കമ്പിയുടെ ഒരു ഭാഗം വൈദ്യുത ലൈനിൽ തട്ടിയിരുന്നതാണ് ഷോക്കേൽക്കാൻ കാരണമായതെന്നാണ് വിവരം.
ജുനൈദിന് ഷോക്കേറ്റത് കണ്ടതോടെ സുഹൃത്തുക്കൾ രക്ഷിക്കാനായി ഓടിയെത്തിയെങ്കിലും സമീപത്തുണ്ടായിരുന്ന നാട്ടുകാരൻ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് കുട്ടികൾ പിന്മാറി. ഇതോടെ കൂടുതൽ അപകടം ഒഴിവായി. ഉടൻ തന്നെ ജുനൈദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തിൽ കെഎസ്ഇബിയുടെ അനാസ്ഥയുണ്ടായെന്നാണ് നാട്ടുകാരുടെ ആരോപണം. സ്ഥലത്തെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥർക്കു നേരെ നാട്ടുകാർ പ്രതിഷേധിക്കുകയും ചെയ്തു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Comments ()