ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തമാകുന്നു; ചുഴലിക്കാറ്റ് ഭീഷണി, കേരളത്തിൽ ചൊവ്വാഴ്ച വരെ മഴ,

ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമായി മാറിയേക്കും. തുടർന്ന് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് നാളെ വൈകുന്നേരത്തോടെ മധ്യ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തമാകുന്നു; ചുഴലിക്കാറ്റ് ഭീഷണി, കേരളത്തിൽ ചൊവ്വാഴ്ച വരെ മഴ,

തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴയ്ക്ക് സാധ്യത തുടരുന്നു. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ ലഭിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യൂനമർദ്ദം ഇന്ന് തീവ്ര ന്യൂനമർദ്ദമായി മാറിയേക്കും. തുടർന്ന് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ച് നാളെ വൈകുന്നേരത്തോടെ മധ്യ ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റായി രൂപപ്പെടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.

ഇതിനൊപ്പം മധ്യകിഴക്കൻ അറബിക്കടലിലും വടക്കൻ ലക്ഷദ്വീപിന് സമീപത്തുമായി ചക്രവാതച്ചുഴിയും നിലനിൽക്കുന്നുണ്ട്. ഈ കാലാവസ്ഥാ സാഹചര്യങ്ങളുടെ സ്വാധീനമാണ് കേരളത്തിലെ മഴയ്ക്ക് കാരണം. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

ന്യൂനമർദ്ദത്തിന്റെ സ്വാധീനത്തിൽ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ബുധനാഴ്ച വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

നിലവിൽ ആഴക്കടലിൽ മത്സ്യബന്ധനത്തിലുള്ളവർ എത്രയും വേഗം സുരക്ഷിതമായി കരയിൽ തിരിച്ചെത്തണമെന്നും നിർദേശമുണ്ട്.