15 മിനിറ്റിൽ മട്ടാഞ്ചേരിയിൽ നിന്ന് എറണാകുളം സൗത്ത്; കൊച്ചിയിൽ സ്കൈ മെട്രോ വരുമോ?, നിര്‍ദേശിച്ച് ഇ ശ്രീധരന്‍

ഏകദേശം 9 കിലോമീറ്റർ ദൈർഘ്യമുള്ള പാത 15 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലുള്ള തൂങ്ങിക്കിടക്കുന്ന പോഡ് അധിഷ്ഠിത ഗതാഗത സംവിധാനമാണ് അദ്ദേഹം മുന്നോട്ടുവച്ചത്

15 മിനിറ്റിൽ മട്ടാഞ്ചേരിയിൽ നിന്ന് എറണാകുളം സൗത്ത്; കൊച്ചിയിൽ സ്കൈ മെട്രോ വരുമോ?, നിര്‍ദേശിച്ച് ഇ ശ്രീധരന്‍

കൊച്ചി: മട്ടാഞ്ചേരിയിൽ നിന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്ര കൂടുതൽ വേഗത്തിലാക്കാൻ സ്കൈ മെട്രോ പദ്ധതി പരിഗണിക്കണമെന്ന് നിർദേശിച്ച് മെട്രോമാൻ ഇ. ശ്രീധരൻ. ഏകദേശം 9 കിലോമീറ്റർ ദൈർഘ്യമുള്ള പാത 15 മിനിറ്റിനുള്ളിൽ പൂർത്തിയാക്കാൻ കഴിയുന്ന തരത്തിലുള്ള തൂങ്ങിക്കിടക്കുന്ന പോഡ് അധിഷ്ഠിത ഗതാഗത സംവിധാനമാണ് അദ്ദേഹം മുന്നോട്ടുവച്ചത്.

പരമ്പരാഗത മെട്രോ പദ്ധതികൾക്കുള്ള ഉയർന്ന നിർമാണച്ചെലവും കൊച്ചിയിലെ വർധിച്ചുവരുന്ന ഗതാഗത ആവശ്യകതയും കണക്കിലെടുത്താണ് ബദൽ സംവിധാനമെന്ന നിലയിൽ സ്കൈ മെട്രോ നിർദേശിച്ചിരിക്കുന്നത്. സാധാരണ എലിവേറ്റഡ് മെട്രോയ്ക്ക് കിലോമീറ്ററിന് 200 കോടി രൂപയിലധികം ചെലവ് വരുമ്പോൾ നിർദിഷ്ട സംവിധാനത്തിന് കിലോമീറ്ററിന് 100 കോടിയിൽ താഴെ ചെലവിൽ പദ്ധതി നടപ്പാക്കാൻ കഴിയുമെന്നാണ് ശ്രീധരന്റെ വിലയിരുത്തൽ. ഷാർജയിൽ അടുത്തിടെ സ്ഥാപിച്ച സ്കൈ മെട്രോ മാതൃക പരിശോധിച്ച് വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കണമെന്നും അദ്ദേഹം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനോട് ആവശ്യപ്പെട്ടു.

മട്ടാഞ്ചേരി കൊട്ടാരത്തിന് സമീപത്തെ മന്ത്ര റോഡ്–സാന്റോ ഗോപാലൻ റോഡ് ജംക്ഷനിൽനിന്നായിരിക്കും നിർദിഷ്ട പാതയുടെ തുടക്കം. സാന്റോ ഗോപാലൻ റോഡിലൂടെ പിടി ജേക്കബ് റോഡിലെത്തി ഗേറ്റ്‌വേ ഓഫ് കൊച്ചിൻ പാലം കടക്കും. തുടർന്ന് പഴയ എൻഎച്ച്-47 വഴിയും വെണ്ടുരുത്തി പാലം വഴിയും പേരമാനൂരിലെത്തുന്ന പാത, കൊച്ചിൻ ഷിപ്പ്യാർഡിന്റെ പഴയ റെയിൽവേ സൈഡിങ് അലൈൻമെന്റ് വഴി നിലവിലെ റെയിൽവേ പാതയിലേക്ക് പ്രവേശിക്കും. റെയിൽവേ ലൈനിന്റെ പടിഞ്ഞാറുഭാഗത്തുകൂടി നീങ്ങിയാണ് എറണാകുളം സൗത്ത് സ്റ്റേഷനിൽ എത്തുക.

രണ്ട് ടെർമിനൽ സ്റ്റേഷനുകൾ ഉൾപ്പെടെ 10 സ്റ്റേഷനുകളാണ് 9 കിലോമീറ്റർ പാതയിൽ നിർദേശിച്ചിരിക്കുന്നത്. ഏകദേശം 200 മുതൽ 300 മീറ്റർ വരെ ഇടവിട്ട് താങ്ങുതൂണുകൾ സ്ഥാപിക്കാനാണ് പദ്ധതി. സ്റ്റേഷനുകൾ തമ്മിലുള്ള ശരാശരി അകലം ഒരു കിലോമീറ്ററായിരിക്കും.

പരമ്പരാഗത മെട്രോ ട്രെയിനുകൾക്ക് പകരം സ്റ്റീൽ ഗർഡറുകളിൽ തൂങ്ങിക്കിടക്കുന്ന യാത്രാ പോഡുകളാണ് സ്കൈ മെട്രോയിൽ ഉപയോഗിക്കുക. ഇരട്ട റെയിൽ സംവിധാനത്തിലുള്ള ഓരോ പോഡിലും ഏകദേശം 16 പേർക്ക് യാത്ര ചെയ്യാനാകും. മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന പോഡുകൾ ഉപയോഗിച്ച് ഓരോ 15 മിനിറ്റിലും 300 യാത്രക്കാരെ കടത്തിവിടാനാകുമെന്നാണ് പ്രതീക്ഷ. ഇതുവഴി മണിക്കൂറിൽ 1,200 യാത്രക്കാരെയും ദിവസത്തിൽ 10 മണിക്കൂർ സർവീസ് നടത്തിയാൽ 12,000 യാത്രക്കാരെയും കൈകാര്യം ചെയ്യാനാകുമെന്നാണ് കണക്കാക്കുന്നത്.

കൊച്ചിയിലെ ജനവാസ മേഖലകൾ വ്യാപകമായി ചിതറിക്കിടക്കുന്നതിനാൽ എല്ലാ റൂട്ടുകളിലും പരമ്പരാഗത മെട്രോ സാമ്പത്തികമായി പ്രായോഗികമാകണമെന്നില്ലെന്നാണ് ശ്രീധരന്റെ അഭിപ്രായം. നിർമാണ സാമഗ്രികളുടെയും ഭൂമിയുടെയും വില, നികുതി, വൈദ്യുതി നിരക്ക് തുടങ്ങിയ ചെലവുകൾ ഉയരുന്നതിനാൽ കുറഞ്ഞ ചെലവിൽ നടപ്പാക്കാവുന്ന ഗതാഗത സംവിധാനങ്ങൾക്ക് പ്രാധാന്യം നൽകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഷാർജയിലെ സ്കൈ മെട്രോ മാതൃക വിജയകരമാണെങ്കിൽ കൊച്ചിയിലും സമാന സംവിധാനം പ്രായോഗികമാക്കാമെന്നാണ് ശ്രീധരന്റെ നിലപാട്. പദ്ധതി നടപ്പായാൽ പരമ്പരാഗത മെട്രോ, വാട്ടർ മെട്രോ, സ്കൈ മെട്രോ എന്നീ മൂന്ന് വ്യത്യസ്ത മെട്രോ അധിഷ്ഠിത ഗതാഗത സംവിധാനങ്ങൾ കൊച്ചിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.