കൊല്ലത്ത് കൊടുംക്രൂരത: കാറിടിച്ച് വീഴ്ത്തിയ ഭിക്ഷാടകനെ രണ്ട് കിലോമീറ്ററോളം വലിച്ചിഴച്ചു; ദാരുണാന്ത്യം
ദേശീയപാതയിൽവെച്ചാണ് ഷാജഹാന്റെ കാർ ഭിക്ഷാടകനെ ഇടിച്ചിട്ടത്. എന്നാൽ, അപകടമുണ്ടായിട്ടും ഇയാൾ വാഹനം നിർത്താതെ പോയി.
കൊല്ലം: കരുനാഗപ്പള്ളി വവ്വക്കാവില്‍ കാറിടിച്ച ഭിക്ഷാടകനെ വാഹനം നിര്‍ത്താതെ രണ്ട് കിലോമീറ്ററോളം ദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ഭിക്ഷാടകന്‍ മരിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് കാറോടിച്ചിരുന്ന കടത്തൂര്‍ സ്വദേശിയും വ്യാപാരിയുമായ ഷാജഹാനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രി വവ്വക്കാവ് ദേശീയപാതയിലായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ഷാജഹാന്‍ ഓടിച്ചിരുന്ന കാര്‍ ഭിക്ഷാടകനെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ മുന്നോട്ട് പോകുകയായിരുന്നു. അപകടത്തില്‍പ്പെട്ടയാള്‍ കാറിനടിയില്‍ കുരുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും വാഹനം നിര്‍ത്താന്‍ ഇയാള്‍ തയ്യാറായില്ല. തുടര്‍ന്ന് ഏകദേശം രണ്ട് കിലോമീറ്ററോളം ദൂരം വലിച്ചിഴച്ച ശേഷം, ആളൊഴിഞ്ഞ ഒരു ഇടറോഡില്‍വെച്ച് ഇയാളെ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കമുള്ള നിര്‍ണ്ണായക തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. കസ്റ്റഡിയിലെടുത്ത പ്രതിക്കെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Comments ()