യെമൻ തീരത്ത് ആക്രമണത്തിനിരയായ കപ്പലിലെ 14 ഇന്ത്യക്കാരെ കണ്ടെത്തി; സൗദി വിമാന സർവീസുകൾ റദ്ദാക്കിയത് നീട്ടി
സംഭവത്തിൽ ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണോ ആക്രമണം നടന്നതെന്ന കാര്യത്തിലും വ്യക്തതയില്ല. അതേസമയം, മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ സൗദിയിലേക്കുള്ള ഇൻഡിഗോ വിമാന സർവീസുകളുടെ റദ്ദാക്കൽ കാലാവധി നീട്ടിയിട്ടുണ്ട്
യെമൻ തീരത്ത് ആക്രമണത്തിനിരയായ നൗകയിൽ നിന്ന് കാണാതായ 14 ഇന്ത്യക്കാരെ കണ്ടെത്തിയതായി യെമനിലെ ഇന്ത്യൻ അധികൃതർ അറിയിച്ചു. ഇവരുടെ ആരോഗ്യസ്ഥിതി ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ ഇന്ത്യക്കാരെ ലക്ഷ്യമിട്ടാണോ ആക്രമണം നടന്നതെന്ന കാര്യത്തിലും വ്യക്തതയില്ല. അതേസമയം, മേഖലയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെ സൗദിയിലേക്കുള്ള ഇൻഡിഗോ വിമാന സർവീസുകളുടെ റദ്ദാക്കൽ കാലാവധി നീട്ടിയിട്ടുണ്ട്.
റിയാദിലേക്കുള്ള വിമാന സർവീസുകൾ ഈ മാസം 31 വരെ ഉണ്ടാകില്ലെന്ന് ഇൻഡിഗോ അറിയിച്ചു. ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾ 27 വരെ റദ്ദാക്കിയിട്ടുണ്ട്. നേരത്തെ ഈ മാസം 24 മുതൽ സർവീസുകൾ പുനരാരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. യെമനിൽ നിന്നുള്ള ഹൂത്തി ആക്രമണങ്ങളും മേഖലയിലെ സുരക്ഷാ സാഹചര്യം മോശമാക്കുന്നതോടെ സൗദിയിലേക്കുള്ള വിമാന യാത്രകൾ തടസ്സപ്പെടുകയാണ്.
സൗദിയെ ലക്ഷ്യമിട്ട് ഇന്നും ഹൂത്തികളുടെ ആക്രമണം ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഖമീസ് മുഷൈത്തിലേക്ക് എത്തിയ ആക്രമണശ്രമം സൗദി പ്രതിരോധ സംവിധാനങ്ങൾ തകർത്തു. ഇതിനിടെ, ഹൂത്തികളുമായി ചർച്ചകൾക്ക് വഴിയൊരുക്കാൻ സൗദി ഈജിപ്തിന്റെ സഹായം തേടിയതായും വിവരമുണ്ട്. സംഘർഷം കുറയ്ക്കാനുള്ള നയതന്ത്ര നീക്കങ്ങൾ തുടരുന്നതിനിടെയാണ് പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മറ്റൊരു ഭാഗത്ത്, ഇറാനെതിരായ സൈനിക നടപടി വീണ്ടും ആരംഭിക്കുന്നതിനുള്ള പദ്ധതികൾ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഉപദേശകർ തയ്യാറാക്കിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. അന്തിമ തീരുമാനത്തിനായി ട്രംപിന്റെ അനുമതി കാത്തിരിക്കുകയാണെന്നാണ് റിപ്പോർട്ടിലെ സൂചന. ആക്രമണം പുനരാരംഭിച്ചാൽ ഇസ്രായേലുമായി സഹകരിച്ച് വേഗത്തിൽ നടപ്പാക്കാവുന്ന ശക്തമായ നീക്കമായിരിക്കും ലക്ഷ്യമിടുന്നതെന്നും പറയുന്നു. തിരിച്ചടി ഉണ്ടായാൽ മേഖലയിലാകെ പ്രതികരണമുണ്ടാകുമെന്ന മുന്നറിയിപ്പും ഇറാൻ നൽകിയിട്ടുണ്ട്. ഇത്തവണ പ്രതികരണം മുൻപത്തെ പോലെ പരിമിതമായ പ്രദേശങ്ങളിലൊതുങ്ങില്ലെന്ന ആശങ്കയും ഉയരുന്നു.
Comments ()