ശമ്പളം വൈകിക്കുന്ന കമ്പനികളുടെ ഫയലുകൾ ബ്ലോക്ക് ചെയ്യും; കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്

തൊഴിലാളികളുടെ അവകാശങ്ങൾ പൂർണ്ണമായും സംരക്ഷിക്കുന്നതിനും രാജ്യത്തെ തൊഴിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമാണ് ഇത്തരം നീക്കങ്ങൾ

ശമ്പളം വൈകിക്കുന്ന കമ്പനികളുടെ ഫയലുകൾ ബ്ലോക്ക് ചെയ്യും; കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ്

തൊഴിലാളികൾക്ക് കൃത്യസമയത്ത് ശമ്പളം നൽകാത്ത കമ്പനികൾക്കെതിരെ കർശന നടപടികളുമായി കുവൈറ്റ് സർക്കാർ. അഞ്ചോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധനയിൽ ശമ്പള വിതരണത്തിലെ ക്രമക്കേടുകൾ വേഗത്തിൽ കണ്ടെത്തുന്നതിനായി പ്രത്യേക ഓട്ടോമേറ്റഡ് സംവിധാനമാണ് രാജ്യത്ത് നിലവിലുള്ളതെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് അൽ സബാഹ് വ്യക്തമാക്കി. .

തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി വീഴ്ച വരുത്തുന്ന കമ്പനികളുടെ ഫയലുകൾ സിസ്റ്റം വഴി ഓട്ടോമാറ്റിക്കായി മരവിപ്പിക്കും. 2026 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം 8,849 കമ്പനികളുടെ ഫയലുകൾ ഇത്തരത്തിൽ മരവിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ ഫയലുകൾ ബ്ലോക്ക് ചെയ്യപ്പെടുന്നതോടെ പുതിയ തൊഴിൽ പെർമിറ്റുകൾ നേടാനോ നിലവിലുള്ളവ പുതുക്കാനോ കമ്പനികൾക്ക് സാധിക്കില്ല. ശമ്പളം വൈകുന്നത് പ്രവാസികളുടെ ബാങ്ക് വായ്പാ തിരിച്ചടവുകളെയും കുടുംബച്ചെലവുകളെയും നാട്ടിലേക്കുള്ള പണമയക്കലിനെയും ബാധിക്കുന്ന സാഹചര്യത്തിൽ, സർക്കാരിന്റെ ഈ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വകാര്യ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് വലിയ ആശ്വാസമാകുകയാണ്.