ദുബായില്‍ വ്യാജ മോഷണക്കേസില്‍ നിന്ന് മോചിതയായ മലയാളി യുവതിക്ക് നാടണയാന്‍ കൈത്താങ്ങ് വേണം, സുമനസ്സുകളുടെ സഹായം തേടുന്നു

ഫ്ലാറ്റിൽ നിന്ന് സ്വർണം മോഷ്ടിച്ച് ഒളിച്ചോടിയെന്ന വ്യാജ പരാതിയെത്തുടർന്ന് രണ്ട് മാസത്തോളം യാത്രാവിലക്ക് നേരിടേണ്ടി വന്നു

ദുബായില്‍ വ്യാജ മോഷണക്കേസില്‍ നിന്ന് മോചിതയായ മലയാളി യുവതിക്ക് നാടണയാന്‍ കൈത്താങ്ങ് വേണം, സുമനസ്സുകളുടെ സഹായം തേടുന്നു

ദുബായ്: പ്രവാസലോകത്തെ പ്രൗഢ ഗ്ലാമറിനും തിളക്കമാര്‍ന്ന കാഴ്ചകള്‍ക്കപ്പുറം, നിശബ്ദമായി പൊലിയുന്ന ഒട്ടനവധി ജീവിതങ്ങളുണ്ട്. പ്രവാസജീവിതം പലപ്പോഴും ചിലര്‍ക്ക് സമ്മാനിക്കുന്നത് കണ്ണീരിന്റെയും നരകയാതനകളുടെയും അനുഭവങ്ങളാണ്. അത്തരത്തില്‍ ദുബായില്‍ ക്രൂരമായ പീഡനങ്ങളും വ്യാജ മോഷണക്കേസിന്റെ നിയമക്കുരുക്കുകളും നേരിട്ട് ജീവിതം തന്നെ വഴിമുട്ടിനില്‍ക്കുന്ന ഒരു മലയാളി അമ്മയുടെ ഹൃദയഭേദകമായ കഥയാണ് പുറത്തുവരുന്നത്. പക്ഷാഘാതം വന്ന പിതാവിനെയും കുടുംബത്തെയും രക്ഷിക്കാന്‍ പ്രവാസത്തിലേക്ക് വിമാനം കയറിയ എറണാകുളം സ്വദേശിനിയായ 46 വയസ്സുകാരിയാണ് ഇപ്പോള്‍ സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുന്നത്.

കുടുംബത്തിന്റെ ഏക അത്താണിയും ദുരിതങ്ങളും
സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലാണ് ഈ 46കാരി ജനിച്ചത്. ലോട്ടറി കച്ചവടം നടത്തിവന്ന പിതാവിന് പക്ഷാഘാതം പിടിപെട്ടതോടെ ചികിത്സാച്ചെലവുകള്‍ കുടുംബത്തെ കടുത്ത കടക്കെണിയിലാക്കി. പത്തൊന്‍പതാം വയസ്സില്‍ വിവാഹിതയായെങ്കിലും ഭര്‍ത്താവുമായി പിരിഞ്ഞാണ് ഇവര്‍ ജീവിച്ചിരുന്നത്. പ്രീഡിഗ്രി മാത്രം വിദ്യാഭ്യാസമുള്ള ഇവര്‍ കുടുംബശ്രീയുടെ 'സമൃദ്ധി' പദ്ധതിയില്‍ ജോലി ചെയ്തുവരുന്നതിനിടയിലാണ് 2016ല്‍ സന്ദര്‍ശക വിസയില്‍ യുഎഇയില്‍ എത്തിയത്. ദുബായ് കരാമയിലെ ഒരു മലയാളി കുടുംബത്തിനൊപ്പം എട്ട് വര്‍ഷത്തോളം ആത്മാര്‍ത്ഥമായി സേവനം അനുഷ്ഠിച്ച ശേഷം ഇവര്‍ പിന്നീട് നാട്ടിലേക്ക് മടങ്ങി.

ശേഷം, തുച്ഛമായ വേതനത്തില്‍ നാട്ടില്‍ തൊഴിലെടുക്കുന്നതിനിടെ
മംഗളൂരു സ്വദേശിയായ മറ്റൊരു പ്രവാസി കുടുംബവുമായി ഇവര്‍ പരിചയത്തിലായി. കുട്ടിയെ നോക്കലും വീട്ടുജോലിയുമായിരുന്നു ചുമതല. എന്നാല്‍ 2025 നവംബറില്‍ ഇവരെയും കൂട്ടി ദുബായിലെത്തിയതോടെ കാര്യങ്ങള്‍ ആകെ മാറിമറിഞ്ഞു. വീടിന്റെ എല്ലാ മുറികളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിച്ച് നിരന്തരം നിരീക്ഷിക്കുന്ന ഭയാനകമായ അന്തരീക്ഷമായിരുന്നു അവിടെയുണ്ടായിരുന്നത്. പുറമെ ആവശ്യത്തിന് ഭക്ഷണം നല്‍കുന്നുണ്ടെന്ന് വരുത്തിതീര്‍ത്താലും, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കൃത്യമായി കണക്കുനോക്കി നിയന്ത്രിക്കുന്ന രീതിയാണ് ഇവര്‍ അനുവര്‍ത്തിച്ചിരുന്നത്. ഈ കടുത്ത മാനസിക വിഷമം കാരണം പലപ്പോഴും ബ്രഡും പച്ചവെള്ളവും മാത്രം കുടിച്ച് ദിവസങ്ങള്‍ തള്ളിനീക്കേണ്ടിവന്നതായി ഇവര്‍ വേദനയോടെ ഓര്‍ക്കുന്നു.

ഇതിനിടയില്‍ സന്ദര്‍ശകവിസ പുതുക്കുന്നതിനായി നാട്ടില്‍ പോയപ്പോള്‍, മുന്‍പ് നല്‍കിയിരുന്ന 40,000 രൂപയുടെ ശമ്പളം 35,000 ആയി കുറച്ചു. എങ്കിലും താന്‍ പരിചരിച്ചിരുന്ന കൊച്ചുകുട്ടിയോടുള്ള വാത്സല്യം കാരണം വീണ്ടും ഇവര്‍ വിസയില്‍ യുഎഇയിലേക്ക് മടങ്ങിയെത്തി.

മടക്കയാത്രയ്ക്ക് ശേഷം കൊടിയ മാനസിക പീഡനങ്ങളാണ് ഇവരെ കാത്തിരുന്നത്. നരകതുല്യമായ ആ സാഹചര്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടെങ്കിലും തൊഴിലുടമകള്‍ സമ്മതിച്ചില്ല. വിസയുടെ പണം തിരികെ നല്‍കി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സ്വന്തമായി പണം കണ്ടെത്താനായില്ല. തുടര്‍ന്ന് പൊലീസിന്റെ സഹായം തേടാന്‍ ശ്രമിച്ചെങ്കിലും, അതിനു മുന്‍പ് തന്നെ തൊഴിലുടമകള്‍ ഇവര്‍ക്കെതിരെ ഫ്‌ലാറ്റില്‍ നിന്ന് സ്വര്‍ണം മോഷ്ടിച്ച് ഒളിച്ചോടിയെന്ന വ്യാജ പരാതി നല്‍കി.

ഇതിനെത്തുടര്‍ന്ന് രണ്ട് മാസത്തോളം യാത്രാവിലക്ക് നേരിടേണ്ടി വന്നു. ഒടുവില്‍ പൊലീസ് ഇവരെ കോടതിയില്‍ ഹാജരാക്കിയെങ്കിലും, നിരപരാധിയാണെന്ന് ബോധ്യപ്പെട്ട കോടതി ഇവരെ കുറ്റവിമുക്തയാക്കി വെറുതെവിട്ടു. ഇപ്പോള്‍ പരിചയക്കാരുടെ വീട്ടില്‍ അഭയം പ്രാപിച്ചിരിക്കുന്ന ഇവര്‍, പക്ഷാഘാതം വന്ന കിടപ്പുരോഗിയായ പിതാവിനെയും മാതാവിനെയും രണ്ട് മക്കളെയും സംരക്ഷിക്കാനായി എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ നാട്ടിലേക്ക് പോകാന്‍ വലിയൊരു തുക പിഴയായി ഒടുക്കേണ്ടതുണ്ട്. കൈവശം ഒരു പൈസ പോലും ഇല്ലാതെ, ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്ന ഈ നിര്‍ഭാഗ്യവതിക്ക് മുന്നില്‍ വഴിയടഞ്ഞിരിക്കുകയാണ്.

മനസ്സില്‍ നന്മ വറ്റാത്ത സുമനസ്സുകള്‍ ആരെങ്കിലും കരുണയോടെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍. അതല്ലെങ്കില്‍, ഇവിടെ ഏതെങ്കിലും മാന്യമായൊരു ജോലി ലഭിച്ചാല്‍, കടംവാങ്ങിയ പണം തിരികെ നല്‍കി ജീവിക്കാമെന്ന ആഗ്രഹവും ഇവര്‍ പങ്കുവയ്ക്കുന്നു. മനസില്‍ നന്മ വറ്റിയിട്ടില്ലാത്ത നല്ലവരായ പ്രവാസികള്‍ തങ്ങളെപ്പോലെയുള്ള പാവങ്ങളെ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഈ അമ്മ.

നാടണയാന്‍ ഇനി സുമനസ്സുകളുടെ കനിവ് വേണം...

ഇവരുടെ കേസ് തീര്‍ത്തു കൊടുക്കാന്‍ നിലവില്‍ സുമനസ്സുകളുടെ സഹായത്താല്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഓവര്‍‌സ്റ്റേയിലാണ് ഇവരുള്ളത്. ആയതിനാല്‍ തന്നെ ഭീമമായ എമിഗ്രേഷന്‍ പിഴയും, നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റും അത്യാവശ്യമാണ്. കിടപ്പുരോഗിയായ പിതാവിനെയും മാതാവിനെയും രണ്ട് മക്കളെയും സംരക്ഷിക്കാനായി എത്രയും പെട്ടെന്ന് നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഈ അമ്മയ്ക്ക് മുന്നില്‍ വഴിയടഞ്ഞിരിക്കുകയാണ്.

ആര്‍ക്കെങ്കിലും എന്തെങ്കിലും സഹായം നല്‍കാന്‍ കഴിയുമോ? മനസില്‍ നന്മ വറ്റിയിട്ടില്ലാത്ത നല്ലവരായ പ്രവാസികള്‍ തങ്ങളെപ്പോലെയുള്ള പാവങ്ങളെ കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇവര്‍.

പിന്തുണയ്ക്ക് നന്ദി

ഷിഹാബ് കെ.കെ.

മൊബൈല്‍: +971 56 927 0585