പ്രിയദർശനി യാത്രക്കാർ 15 കോടി കടന്നു; സ്വകാര്യ ബസുകൾ നവംബർ 3 മുതൽ പണിമുടക്കിലേക്ക്

പദ്ധതി നിലവിൽ വന്നതോടെ സൗജന്യ യാത്രകളുടെ എണ്ണത്തിൽ 101 ശതമാനം വർധനയുണ്ടായെന്നും സംസ്ഥാനത്തെ സ്ത്രീകളുടെ ജനസംഖ്യയുടെ ഏഴ് ശതമാനത്തോളം പേർ ദിവസേന ഇതിന്റെ പ്രയോജനം നേടുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു

പ്രിയദർശനി യാത്രക്കാർ 15 കോടി കടന്നു; സ്വകാര്യ ബസുകൾ നവംബർ 3 മുതൽ പണിമുടക്കിലേക്ക്

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പ്രിയദർശനി സൗജന്യ യാത്രാപദ്ധതി വനിതകൾക്കും ട്രാൻസ്ജെൻഡർ വിഭാഗത്തിനും ഇടയിൽ വലിയ സ്വീകാര്യത നേടുമ്പോൾ സംസ്ഥാനത്തെ സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. പദ്ധതി ആരംഭിച്ച് 115 ദിവസം പിന്നിടുമ്പോൾ ഇതുവരെ ഏകദേശം 15 കോടി യാത്രകളാണ് സൗജന്യമായി നടന്നത്. പ്രതിദിനം ശരാശരി 13.04 ലക്ഷം യാത്രകൾ രേഖപ്പെടുത്തിയതായാണ് സർക്കാർ കണക്ക്. നിയമസഭയിൽ ഗതാഗത മന്ത്രി സി.പി. ജോണാണ് ഈ വിവരങ്ങൾ അറിയിച്ചത്.

പദ്ധതി നിലവിൽ വന്നതോടെ സൗജന്യ യാത്രകളുടെ എണ്ണത്തിൽ 101 ശതമാനം വർധനയുണ്ടായെന്നും സംസ്ഥാനത്തെ സ്ത്രീകളുടെ ജനസംഖ്യയുടെ ഏഴ് ശതമാനത്തോളം പേർ ദിവസേന ഇതിന്റെ പ്രയോജനം നേടുന്നുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പദ്ധതി തുടങ്ങുന്നതിന് മുമ്പ് ഈ നിരക്ക് 3.5 ശതമാനമായിരുന്നു. കെഎസ്ആർടിസി ഓർഡിനറി ബസുകളിലെ യാത്രക്കാരിൽ 60 ശതമാനത്തിലധികവും വനിതകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ടവരുമാണ്. ഇതോടെ കെഎസ്ആർടിസിയുടെ വിവിധ സർവീസുകളിലായി പ്രതിദിന യാത്രക്കാരുടെ എണ്ണം 27 ലക്ഷം കടന്നു. എന്നാൽ ആവശ്യത്തിന് ബസുകളില്ലാത്തത് തിരക്കേറിയ സമയങ്ങളിൽ യാത്രാദുരിതം വർധിപ്പിക്കുന്നുണ്ട്. രജിസ്റ്റർ ചെയ്ത 5,765 ബസുകളിൽ 4,468 എണ്ണം മാത്രമാണ് നിലവിൽ കെഎസ്ആർടിസിയുടെ കൈവശമുള്ളത്.

അതേസമയം, സൗജന്യ യാത്രാപദ്ധതി സ്വകാര്യ ബസ് മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന സർക്കാർ നിലപാടിനെ ബസ് ഉടമകൾ അംഗീകരിക്കുന്നില്ല. യാത്രക്കാരുടെ എണ്ണത്തിലുണ്ടായ കുറവും സാമ്പത്തിക നഷ്ടവും കാരണം കഴിഞ്ഞ ഒരു മാസത്തിനിടെ 500-ലധികം സ്വകാര്യ ബസുകൾ സർവീസ് അവസാനിപ്പിച്ചെന്നാണ് ഉടമകളുടെ അവകാശവാദം. നവംബർ 3 മുതൽ അനിശ്ചിതകാല സമരം നടത്താനാണ് സ്വകാര്യ ബസ് ഉടമകളുടെ തീരുമാനം. എന്നാൽ സ്വകാര്യ ബസ് മേഖലയിലെ എല്ലാ പ്രതിസന്ധികൾക്കും പ്രിയദർശനി പദ്ധതിയെ മാത്രം കുറ്റപ്പെടുത്താനാകില്ലെന്നാണ് ഉന്നതതല വിദഗ്ധ സമിതിയുടെ വിലയിരുത്തൽ. എംഎസ്എംഇ പദവി അനുവദിക്കുന്നതും സർവീസ് ഷെഡ്യൂളുകൾ പുനഃക്രമീകരിക്കുന്നതും സ്വകാര്യ ബസ് ഉടമകൾക്ക് മേഖലയിൽ തുടരാൻ സഹായകരമാകുമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.