കള്ളുഷാപ്പുകളില്‍ ഇനി സ്ത്രീകള്‍ക്കും ജോലി ചെയ്യാം; വിലക്ക് ചട്ടം റദ്ദാക്കി ഹൈക്കോടതി
സ്ത്രീകളുടെ സുരക്ഷയുടെ പേരില്‍ തൊഴില്‍ അവസരങ്ങള്‍ നിഷേധിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും കോടതി
തിരുവനന്തപുരം: കള്ളുഷാപ്പുകളിൽ സ്ത്രീകൾ ജോലി ചെയ്യുന്നത് വിലക്കിക്കൊണ്ടുള്ള അബ്കാരി നിയമത്തിലെ വ്യവസ്ഥ കേരള ഹൈക്കോടതി റദ്ദാക്കി. ഇത്തരം വിലക്കുകൾ സ്ത്രീകളുടെ മൗലികാവകാശങ്ങളുടെയും തൊഴിലെടുക്കാനുള്ള ഭരണഘടനാപരമായ സ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. 2002-ലെ കേരള അബ്കാരി ഷോപ്പ്സ് ഡിസ്പോസൽ ചട്ടങ്ങളിലെ റൂൾ 7(37) ആണ് ജസ്റ്റിസ് ഗോപിനാഥ് അധ്യക്ഷനായ ബെഞ്ച് റദ്ദാക്കിയത്. സുരക്ഷയുടെ പേര് പറഞ്ഞ് സ്ത്രീകളുടെ തൊഴിലവസരങ്ങൾ നിഷേധിക്കാൻ സർക്കാരിന് കഴിയില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയായ 47-കാരി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി. കള്ളുഷാപ്പ് ജീവനക്കാരനായിരുന്ന ഭർത്താവ് 2024-ൽ മരണപ്പെട്ടതിനെത്തുടർന്ന് ആശ്രിത നിയമന പ്രകാരം ഇവർ ജോലിക്ക് അപേക്ഷിച്ചിരുന്നു. എന്നാൽ, സ്ത്രീകൾക്ക് നിയമനവിലക്കുള്ള ചട്ടം ചൂണ്ടിക്കാട്ടി അധികൃതർ അപേക്ഷ നിരസിച്ചതോടെയാണ് യുവതി ഹൈക്കോടതിയെ സമീപിച്ചത്.
തൊഴിൽസ്ഥലങ്ങളിലെ ചൂഷണങ്ങളിൽ നിന്നും പീഡനങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കാനാണ് ഇത്തരം ഒരു വിലക്കെന്നായിരുന്നു സർക്കാരിന്റെ വാദം. കള്ളുഷാപ്പുകൾ പലപ്പോഴും വിദൂര പ്രദേശങ്ങളിലായതിനാൽ സുരക്ഷാ ആശങ്കകളുണ്ടെന്നും സർക്കാർ അറിയിച്ചു. വിദേശമദ്യ വിൽപനശാലകളിൽ നിന്ന് വ്യത്യസ്തമായ തൊഴിൽ അന്തരീക്ഷമാണ് കള്ളുഷാപ്പുകളിലുള്ളതെന്ന് ചൂണ്ടിക്കാട്ടി ഷാപ്പ് ലൈസൻസിയും ഹർജിയെ എതിർത്തിരുന്നു. എന്നാൽ, സുരക്ഷ മുൻനിർത്തി സ്ത്രീകൾക്കാകെ തൊഴിൽ നിഷേധിക്കുന്ന നിലപാട് അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
Comments ()