പെണ്‍കുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലി തര്‍ക്കം: 16 വയസുകാരനെ കൊന്ന് ചാക്കില്‍ കെട്ടി, പ്രതി പ്രായപൂര്‍ത്തിയാകാത്തയാള്‍
പരുത്തിപ്പാറ എൻഎസ്എസ് ഹൈസ്കൂൾ വിദ്യാർത്ഥി അഭിരാം ആണ് കൊല്ലപ്പെട്ടത്.
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടിയെന്ന വ്യാജേന സന്ദേശമയച്ച് വിളിച്ചുവരുത്തി പതിനാറുകാരനെ ദാരുണമായി കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ചു. തിരുവനന്തപുരം ശ്രീകാര്യത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പരുത്തിപ്പാറ എൻ.എസ്.എസ് ഹൈസ്കൂൾ വിദ്യാർത്ഥിയായ അഭിരാം ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അഭിരാമിന്റെ സുഹൃത്തായ 17-കാരനെയും മറ്റൊരു യുവാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഒരു പെൺകുട്ടിയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുണ്ടായ തർക്കവും വൈരാഗ്യവുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പിടിയിലായ 17-കാരന് ഒരു പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്നു. ഈ പെൺകുട്ടിയുമായി അഭിരാം ഇൻസ്റ്റാഗ്രാമിലൂടെ ചാറ്റ് ചെയ്തിരുന്നതിനെ ചൊല്ലി ഇരുവരും തമ്മിൽ നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. തുടർന്ന്, പെൺകുട്ടിയുടെ ഇൻസ്റ്റാഗ്രാം ഐഡി ദുരുപയോഗം ചെയ്ത് പെൺകുട്ടിയെന്ന വ്യാജേന സന്ദേശമയച്ചാണ് പ്രതികൾ അഭിരാമിനെ സംഭവസ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ഫോൺ കോൾ വന്നതിനെ തുടർന്ന് പാങ്ങപ്പാറയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് അഭിരാം വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ വൈകുന്നേരമായിട്ടും കുട്ടി തിരിച്ചെത്താതിരുന്നതിനെ തുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ ശ്രീകാര്യം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ അഭിരാമിന്റെ ഫോൺ കോളുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തി.
ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഉടമയായ പെൺകുട്ടിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കേസിലെ സുപ്രധാന വിവരങ്ങൾ പുറത്തുവരുന്നത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു.
ജനവാസവും സമീപത്ത് വീടുകളുമില്ലാത്ത, കാടുപിടിച്ച ഒഴിഞ്ഞ പറമ്പിലേക്ക് അഭിരാമിനെ വിളിച്ചുവരുത്തിയ ശേഷം ബെൽറ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് മൃതദേഹം ചാക്കിൽ കെട്ടി ഇവിടെ ഉപേക്ഷിച്ചു.
കൊലപാതകത്തിന് ശേഷം ഉമർ എന്നയാളെ വിവരം അറിയിച്ചതായി കസ്റ്റഡിയിലുള്ള 17-കാരൻ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ഉമറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകം നടന്ന ശേഷമാണ് താൻ വിവരം അറിഞ്ഞതെന്നാണ് ഉമറിന്റെ മൊഴിയെങ്കിലും പൊലീസ് ഇത് പൂർണ്ണമായി വിശ്വാസത്തിലെടുത്തിട്ടില്ല. കൊലപാതകം ഒരാൾക്ക് മാത്രമായി ഒറ്റയ്ക്ക് നടത്താനാകില്ലെന്നും കൂടുതൽ പേരുടെ പങ്കാളിത്തം സംശയിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. കേസിൽ ഇൻക്വസ്റ്റ് നടപടികളും തുടരന്വേഷണവും പുരോഗമിക്കുകയാണ്.
Comments ()