കേരളത്തിൽ ഐഎഎസ് തലപ്പത്ത് മാറ്റം; കെഎസ്ഇബി ചെയർമാനായി എൻ. പ്രശാന്ത്
കെഎസ്ഇബി ചെയർമാനായിരുന്ന എം.ജി. രാജമാണിക്യത്തെ സ്ഥാനത്തുനിന്ന് മാറ്റി എൻ. പ്രശാന്തിനെ പുതിയ ചെയർമാനായി നിയമിച്ചു. രാജമാണിക്യത്തിന് തദ്ദേശവകുപ്പിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണതലത്തിൽ പ്രധാനപ്പെട്ട അഴിച്ചുപണി നടത്തി സർക്കാർ. വിവിധ വകുപ്പുകളിലെ സെക്രട്ടറിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്കും പുതിയ ചുമതലകൾ നൽകി ഉത്തരവിറക്കി. കെഎസ്ഇബി ചെയർമാനായിരുന്ന എം.ജി. രാജമാണിക്യത്തെ സ്ഥാനത്തുനിന്ന് മാറ്റി എൻ. പ്രശാന്തിനെ പുതിയ ചെയർമാനായി നിയമിച്ചു. രാജമാണിക്യത്തിന് തദ്ദേശവകുപ്പിന്റെ ചുമതലയാണ് നൽകിയിരിക്കുന്നത്.
കെ.ആർ. ജ്യോതിലാലിനെ പുതിയ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചു. നിലവിൽ ഈ പദവി വഹിച്ചിരുന്ന മിൻഹാജ് ആലത്തെ ധനകാര്യവകുപ്പിലേക്ക് മാറ്റി. ആരോഗ്യവകുപ്പിന്റെ ചുമതലയിൽ നിന്ന് ഷർമിള മേരി ജോസഫിനെ മാറ്റി മുഹമ്മദ് അനീഷിന് ചുമതല കൈമാറി. ഷർമിള മേരി ജോസഫിന് ഗതാഗതവകുപ്പിന്റെ ഉത്തരവാദിത്തമാണ് നൽകിയിരിക്കുന്നത്. എം. ബീനയെ വ്യവസായ വകുപ്പ് സെക്രട്ടറിയായും നിയമിച്ചു.
ഊർജവകുപ്പ് അഡീഷണൽ സെക്രട്ടറിയായി പുനീത് കുമാറിനെ നിയമിച്ചു. അനു കുമാരിക്ക് ടൂറിസം ഡയറക്ടറുടെ ചുമതലയും നൽകി. ആഭ്യന്തരം, ധനകാര്യം, ആരോഗ്യം, ഗതാഗതം, വ്യവസായം, ഊർജം തുടങ്ങിയ പ്രധാന വകുപ്പുകളെ ഉൾപ്പെടുത്തിയാണ് ഉദ്യോഗസ്ഥ തലത്തിലെ പുനഃക്രമീകരണം. ഭരണസംവിധാനത്തിലെ വിവിധ ചുമതലകളിൽ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നിയമനങ്ങൾ.
Comments ()