തിരുവനന്തപുരത്ത് കാണാതായ 17-കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി; കൂട്ടുകാർ കസ്റ്റഡിയിൽ

അഭിറാമിന്റെ സുഹൃത്തുക്കളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

തിരുവനന്തപുരത്ത് കാണാതായ 17-കാരന്റെ മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തി; കൂട്ടുകാർ കസ്റ്റഡിയിൽ

തിരുവനന്തപുരം: പാങ്ങപ്പാറയിൽ നിന്ന് കാണാതായ പതിനേഴുകാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശിയായ അഭിറാം ആണ് മരിച്ചത്. മൃതദേഹം ചാക്കിൽ കെട്ടിയ നിലയിൽ വഴിയോരത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അഭിറാം വീട്ടിൽ നിന്ന് ഇറങ്ങിയത്. കൂട്ടുകാരൻ വിളിക്കുന്നു എന്ന് പറഞ്ഞാണ് പോയതെന്ന് പിതാവ് വ്യക്തമാക്കുന്നു. രാത്രി വൈകിയിട്ടും തിരികെ എത്താത്തതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഉടൻ എത്തും എന്നാണ് അഭിറാം മറുപടി നൽകിയത്. എന്നാൽ പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആവുകയായിരുന്നു. തുടർന്നാണ് കുടുംബം ശ്രീകാര്യം പൊലീസിൽ പരാതി നൽകിയത്.

സംഭവവുമായി ബന്ധപ്പെട്ട് അഭിറാമിന്റെ സുഹൃത്തുക്കളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം വഴി പെൺകുട്ടിയുടെ ശബ്ദത്തിൽ സന്ദേശമയച്ചാണ് അഭിറാമിനെ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ കസ്റ്റഡിയിലുള്ളവരിൽ നിന്ന് നിർണ്ണായക വിവരങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

കരിമഠം സ്വദേശികളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ശ്രീകാര്യം പൊലീസും സ്ഥലത്തെത്തി വിശദമായ പരിശോധനയും അന്വേഷണവും നടത്തിവരികയാണ്.