ഫോർച്യൂണർ വേണമെന്ന് നിർബന്ധം; ഗവർണർക്ക് ടോയോട്ട ഫോർച്ച്യൂണർ വാടകക്ക് എടുത്ത് കേരള ഹൗസ്
കേരളത്തിൻ്റെ പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിനായി ഫോർച്ച്യൂണർ കാർ വാടകയ്ക്ക് എടുത്ത് ഡൽഹി കേരള ഹൗസ്
ന്യൂഡൽഹി: കേരളത്തിന്റെ പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിനായി ഡൽഹി കേരള ഹൗസ് ഫോർച്യൂണർ കാർ വാടകയ്ക്കെടുത്തു. തനിക്ക് യാത്രാ ആവശ്യങ്ങൾക്ക് ഫോർച്യൂണർ തന്നെ വേണമെന്ന് ഗവർണർ റസിഡന്റ് കമ്മീഷണറെ അറിയിച്ചതിനെ തുടർന്നാണ് നടപടി. ഡൽഹിയിലെത്തുമ്പോൾ മുഖ്യമന്ത്രിയും ഗവർണറും സാധാരണയായി ഇന്നോവ കാറാണ് ഉപയോഗിക്കാറുള്ളത്. തന്റെ ഉയരക്കൂടുതൽ കാരണമാണ് വാഹനം മാറ്റാൻ ഗവർണർ ആവശ്യപ്പെട്ടത്.
അതേസമയം, ഗവർണർക്കായി പുതിയ ഫോർച്യൂണർ കാർ വാങ്ങാനുള്ള നടപടികളും സർക്കാർ തലത്തിൽ ആരംഭിച്ചിട്ടുണ്ട്. 33 ലക്ഷം മുതൽ 52 ലക്ഷം രൂപ വരെയാണ് പുതിയ ടൊയോട്ട ഫോർച്യൂണറിന്റെ വിപണി വില.
കഴിഞ്ഞയാഴ്ച നടന്ന സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി ഡൽഹി കേരള ഹൗസിലെ കട്ടിൽ മാറ്റാൻ അദ്ദേഹം ആവശ്യപ്പെട്ടതും വാർത്തകളിൽ ഇടം നേടിയിരുന്നു. ആറടി ഉയരമുള്ള ഗവർണർക്ക് കേരള ഹൗസിലെ കട്ടിലിന് നീളം കുറവായതിനെ തുടർന്ന്, അദ്ദേഹം മുൻപ് ഗവർണറായിരുന്ന സിക്കിം ഹൗസിൽ നിന്ന് വലിയ കട്ടിൽ എത്തിക്കുകയായിരുന്നു. കൂടാതെ, ലോക് ഭവനിലെ അടുക്കളയിൽ മാംസാഹാര വിഭവങ്ങൾ പാചകം ചെയ്യരുതെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും നേരത്തെ വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. ഒക്ടോബർ 23-നാണ് കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥുർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
Comments ()