ജഡ്ജിയുടെ മകൻ ഓടിച്ച ആഡംബര കാർ ഇടിച്ചു, തട്ടുകട ഉടമ മരിച്ചു, കൊച്ചിയെ നടുക്കി വീണ്ടും അപകടം

സംഭവത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു

ജഡ്ജിയുടെ മകൻ ഓടിച്ച ആഡംബര കാർ ഇടിച്ചു, തട്ടുകട ഉടമ മരിച്ചു, കൊച്ചിയെ നടുക്കി വീണ്ടും അപകടം

കൊച്ചി: ചേരാനെല്ലൂരിൽ ആഡംബര കാർ ഇടിച്ച് തട്ടുകട നടത്തി വന്നിരുന്നയാൾ മരിച്ചു. ഇരിഞ്ഞാലക്കുട അഡീഷണൽ ജഡ്ജി റിനോ ഫ്രാൻസിസിന്റെ 17 വയസ്സുള്ള മകൻ ഓടിച്ച ബെൻസ് കാറാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം. മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. സംഭവത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിനും മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുമുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.

രാവിലെ മൂന്ന് മണിയോടെയായിരുന്നു അപകടം. തട്ടുകട അടച്ചശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജയബാലകൃഷ്ണനെ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അദ്ദേഹം റോഡിലേക്ക് തെറിച്ചുവീണു. വാഹനം അമിതവേഗത്തിലായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അപകടത്തിനിടയാക്കിയ കാർ ജഡ്ജിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

അപകടവുമായി ബന്ധപ്പെട്ട് വിവരം അന്വേഷിച്ചപ്പോൾ ജഡ്ജി മോശമായി പ്രതികരിച്ചുവെന്നാണ് മരിച്ചയാളുടെ ബന്ധുക്കളുടെ ആരോപണം. ‘നിങ്ങൾ എന്നെ ചോദ്യം ചെയ്യാൻ വരേണ്ട’ എന്ന് പറഞ്ഞ് അദ്ദേഹം തട്ടിക്കയറിയതായി ജയബാലകൃഷ്ണന്റെ സഹോദരീപുത്രി ജയലക്ഷ്മി ആരോപിച്ചു. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും കുടുംബം വ്യക്തമാക്കി. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.