പതിനേഴുകാരൻ ഓടിച്ച ബെൻസ് ഇടിച്ച് മരണം; ജഡ്ജി തട്ടിക്കയറിയെന്ന് മരിച്ചയാളുടെ ബന്ധുക്കൾ, 'നീതിക്കായി പോരാടും'

ചിറ്റൂർ ക്ഷേത്രത്തിന് സമീപം തട്ടുകട നടത്തി ഉപജീവനം നടത്തിയിരുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ പുലർച്ചെ മൂന്നോടെ കടയടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്

പതിനേഴുകാരൻ ഓടിച്ച ബെൻസ് ഇടിച്ച് മരണം;  ജഡ്ജി തട്ടിക്കയറിയെന്ന് മരിച്ചയാളുടെ  ബന്ധുക്കൾ, 'നീതിക്കായി പോരാടും'

കൊച്ചി: ചേരാനെല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് സ്‌കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ ജഡ്ജിക്കെതിരെ ആരോപണവുമായി മരിച്ച ജയബാലകൃഷ്ണന്റെ ബന്ധുക്കൾ. അപകടത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഇരിഞ്ഞാലക്കുട അഡീഷണൽ ജില്ലാ ജഡ്ജി റിനോ ഫ്രാൻസിസ് മോശമായി പെരുമാറിയെന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും ജയബാലകൃഷ്ണന്റെ സഹോദരീപുത്രി ജയലക്ഷ്മി വ്യക്തമാക്കി.

ചിറ്റൂർ ക്ഷേത്രത്തിന് സമീപം തട്ടുകട നടത്തി ഉപജീവനം നടത്തിയിരുന്ന മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ പുലർച്ചെ മൂന്നോടെ കടയടച്ച് സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ജഡ്ജിയുടെ മകൻ ഓടിച്ചിരുന്ന ബെൻസ് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടർ തകർന്നെന്നും മൃതദേഹം സർവീസ് റോഡിലാണ് കണ്ടെത്തിയതെന്നും ജയലക്ഷ്മി പറഞ്ഞു. അപകടത്തിനുശേഷം കാർ നിർത്താതെ പോകാൻ ശ്രമിച്ചെങ്കിലും ഇടിയുടെ ആഘാതത്തിൽ വാഹനം നിന്നുപോയെന്നാണ് ബന്ധുക്കളുടെ ആരോപണം. മൂന്ന് മക്കളുടെ പിതാവായ ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ പ്രധാന വരുമാനമാർഗമായിരുന്നു തട്ടുകടയെന്നും അവർ പറഞ്ഞു.

പൊലീസ് സ്റ്റേഷനിലെത്തിയപ്പോൾ പതിനേഴുകാരനെയും മാതാപിതാക്കളെയും കാണാൻ അനുമതി തേടിയെങ്കിലും സാധിച്ചില്ലെന്ന് ജയലക്ഷ്മി ആരോപിച്ചു. ജഡ്ജിയോട് പ്രായപൂർത്തിയാകാത്ത മകനെ വാഹനം ഓടിക്കാൻ അനുവദിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ, തന്നെ ചോദ്യം ചെയ്യാൻ വരേണ്ടെന്നും അതിന് ബന്ധുക്കൾക്ക് അർഹതയില്ലെന്നുമുള്ള രീതിയിലാണ് മറുപടി ലഭിച്ചതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, അപകടത്തിൽ കേസെടുത്തിട്ടുണ്ടെന്ന് ചേരാനെല്ലൂർ സിഐ ശ്യാംകുമാർ അറിയിച്ചു. പ്രാഥമിക വൈദ്യപരിശോധനയിൽ പ്രതി മദ്യപിച്ചിട്ടില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചതെന്നും വിശദമായ പരിശോധനയ്ക്കായി രക്തസാമ്പിൾ ശേഖരിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി. അശ്രദ്ധമായി വാഹനമോടിച്ചതിനുള്ള വകുപ്പിലാണ് നിലവിൽ കേസെടുത്തിരിക്കുന്നതെന്നും സിഐ കൂട്ടിച്ചേർത്തു.