ആറുപേർക്ക് പുതുജീവൻ നൽകി രുദ്രേഷിന്റെ മടക്കം; വേദനയ്ക്കിടയിലും അവയവദാനത്തിന് കൈകോർത്ത കുടുംബം

മകനെ നഷ്ടപ്പെട്ട തീരാദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച കുടുംബത്തിന്റെ മാതൃകാപരമായ നിലപാടാണ് ആറുപേർക്ക് പുതുജീവിതത്തിന് വഴിയൊരുക്കിയത്

ആറുപേർക്ക് പുതുജീവൻ നൽകി രുദ്രേഷിന്റെ മടക്കം; വേദനയ്ക്കിടയിലും അവയവദാനത്തിന് കൈകോർത്ത കുടുംബം

തിരുവനന്തപുരം: വാഹനാപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച 17കാരൻ എസ്.ആർ. രുദ്രേഷ് അവയവദാനത്തിലൂടെ ആറുപേർക്ക് ജീവിതം തിരികെ നൽകി. മകനെ നഷ്ടപ്പെട്ട തീരാദുഃഖത്തിനിടയിലും അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ച കുടുംബത്തിന്റെ മാതൃകാപരമായ നിലപാടാണ് ആറുപേർക്ക് പുതുജീവിതത്തിന് വഴിയൊരുക്കിയത്.

കരമന മേലാറന്നൂർ ചെക്കിട്ടവിളാകത്ത് വീട്ടിൽ ബി. സുരേഷ്–പി. രമ്യാദേവി ദമ്പതികളുടെ മകനാണ് രുദ്രേഷ്. തിരുമല എ.എം.എച്ച്.എസ്.എസ് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്നു. ഒക്ടോബർ 26ന് രാത്രി കരമന–കിള്ളിപ്പാലം റോഡിലായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കിൽ മേലാറന്നൂർ ഭാഗത്തേക്ക് പോകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം മറിയുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കിള്ളിപ്പാലത്തെ പി.ആർ.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചികിത്സ തുടരുന്നതിനിടെ നവംബർ രണ്ടിന് വൈകിട്ട് നാലുമണിയോടെ രുദ്രേഷിന് മസ്തിഷ്കമരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതോടെയാണ് കുടുംബം അവയവദാനത്തിന് സമ്മതം അറിയിച്ചത്. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ രോഗിക്ക് ഒരു വൃക്ക നൽകി. രണ്ടാമത്തെ വൃക്കയും പാൻക്രിയാസും കിംസ് ഹെൽത്തിലെ രോഗിക്കാണ് മാറ്റിവെച്ചത്. കരളും അബ്ഡോമിനൽ ഫാസിയയും രക്തക്കുഴലുകളും കിംസിലെ മറ്റ് രോഗികൾക്ക് പ്രയോജനപ്പെടുത്തി.

രുദ്രേഷിന്റെ കോർണിയകൾ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിക്ക് കൈമാറി. ഹൃദയവും ദാനം ചെയ്യാൻ കുടുംബം തയ്യാറായിരുന്നെങ്കിലും ശസ്ത്രക്രിയയ്ക്ക് മുന്നോടിയായി നടത്തിയ ട്രാൻസ്‌ഈസോഫേജിയൽ എക്കോകാർഡിയോഗ്രാഫി പരിശോധനയിൽ മാറ്റിവെക്കലിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനാൽ ഹൃദയം സ്വീകരിക്കാനായില്ല.

കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവദാനവുമായി ബന്ധപ്പെട്ട നടപടികളും ഏകോപനവും പൂർത്തിയാക്കിയത്. സ്വന്തം മകന്റെ വേർപാടിന്റെ വേദനയിലും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ മുന്നോട്ടുവന്ന കുടുംബത്തെ ആരോഗ്യമന്ത്രി കെ. മുരളീധരൻ അഭിനന്ദിച്ചു. കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു.

എസ്.ആർ. വിഘ്‌നേഷ്, എസ്.ആർ. അനന്തകൃഷ്ണൻ എന്നിവരാണ് രുദ്രേഷിന്റെ സഹോദരങ്ങൾ.