വാക്ക് പാലിച്ച് മുഖ്യമന്ത്രി; റുവാനിയ്ക്ക് ഇനി സ്വന്തം 'സ്നേഹവീട്ടിൽ' മഴ നനയാതെ ഉറങ്ങാം, എംജിഎം സ്നേഹവീട് കൈമാറി
എംജിഎം ഗ്രൂപ്പ് നിര്‍മ്മിച്ചു നല്കിയ സ്നേഹവീടിന്റെ താക്കോല്‍ റുവാനിക്കും കുടുംബത്തിനും മുഖ്യമന്ത്രി കൈമാറി.
തിരുവനന്തപുരം: മഴ പെയ്യുമ്പോൾ ചോർന്നൊലിക്കുന്ന വീട്ടിലിരുന്ന് സങ്കടത്തോടെ സഹായം അഭ്യർത്ഥിച്ച രണ്ടാം ക്ലാസുകാരി റുവാനിയുടെ സ്വപ്നം ഒടുവിൽ പൂവണിഞ്ഞു. വിഴിഞ്ഞം മുല്ലൂർ സർക്കാർ കെ. വി. എൽ. പി. സ്കൂളിലെ വിദ്യാർത്ഥിനിയായ റുവാനിക്കും കുടുംബത്തിനും നൽകിയ വാഗ്ദാനം പാലിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ പുതിയ വീടിന്റെ താക്കോൽ കൈമാറി. എം.ജി.എം ഗ്രൂപ്പ് നിർമ്മിച്ചു നൽകിയ ‘സ്നേഹവീടിന്റെ’ താക്കോൽ മുഖ്യമന്ത്രിയിൽ നിന്ന് ഏറെ സന്തോഷത്തോടും നന്ദിയോടും കൂടിയാണ് റുവാനിയും കുടുംബാംഗങ്ങളും ഏറ്റുവാങ്ങിയത്.
'രാത്രിയില്‍ മഴ പെയ്താല്‍ ഉറങ്ങാനാകുന്നില്ല... അതുകൊണ്ടു പ്രിയ മുഖ്യമന്ത്രി അങ്കിളേ... ഞങ്ങള്‍ക്ക് പുതിയ വീടുവച്ചു തരുമോ... അതില്‍ ഞങ്ങളുറങ്ങാം... ഞാന്‍ വലുതാകുമ്പോള്‍ പൈസ തരാം...' എന്ന് റിവാനി അഭ്യര്‍ത്ഥിക്കുന്ന വീഡിയോ ജൂണില്‍ മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു.
ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വി. ഡി. സതീശൻ റുവാനിയുടെ മാതാവ് പ്രിയങ്കയെ ഫോണിൽ വിളിക്കുകയും പുതിയ വീട് നിർമ്മിച്ച് നൽകുമെന്ന് ഉറപ്പുനൽകുകയുമായിരുന്നു. അദ്ദേഹത്തിന്റെ ഇടപെടലിന് പിന്നാലെ കൊട്ടാരക്കര ആസ്ഥാനമായുള്ള എം.ജി.എം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ വീട് നിർമ്മിക്കാനുള്ള സന്നദ്ധത അറിയിച്ച് മുന്നോട്ടുവരികയായിരുന്നു.
കേവലം മൂന്ന് മാസം കൊണ്ടാണ് വീടിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. റുവാനിക്ക് വീട് നിർമ്മിച്ചു നൽകിയ എം.ജി.എം ഗ്രൂപ്പിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളെ മുഖ്യമന്ത്രി ചടങ്ങിൽ പ്രത്യേകം അഭിനന്ദിച്ചു. കൂടാതെ, നടൻ മമ്മൂട്ടിയുടെ 'കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനു'മായി സഹകരിച്ച് നടപ്പാക്കുന്ന 'വിദ്യാമൃതം' പദ്ധതിയിൽ ഉൾപ്പെടുത്തി റുവാനിയുടെ തുടർവിദ്യാഭ്യാസത്തിനുള്ള എല്ലാ സഹായങ്ങളും നൽകുമെന്ന് എം.ജി.എം ഗ്രൂപ്പ് ചെയർമാൻ ഡോ. ഗീവർഗീസ് യോഹന്നാൻ അറിയിച്ചു. റുവാനിക്ക് എം.ജി.എം സ്കൂളിൽ തുടർപഠനം നടത്തുന്നതിനുള്ള പൂർണ്ണ സൗകര്യമൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments ()