മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തം: സ്ഫോടനത്തിന് കാരണം പൊട്ടാസ്യം ക്ലോറേറ്റ്; റിപ്പോർട്ട് സമർപ്പിച്ചു
അപകടമുണ്ടായ സ്ഥലത്ത് അനുവദനീയമായതിലും വളരെ അധികം അളവിൽ സ്ഫോടകവസ്തുക്കൾ അനധികൃതമായി സംഭരിച്ചിരുന്നുവെന്നും കമ്മീഷൻ കണ്ടെത്തി
തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന് പിന്നിൽ നിരോധിത രാസവസ്തുവായ പൊട്ടാസ്യം ക്ലോറേറ്റിന്റെ ഉപയോഗമാണെന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷന്റെ കണ്ടെത്തൽ. അപകടവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് കമ്മീഷൻ ആഭ്യന്തരമന്ത്രിക്ക് കൈമാറി. ദുരന്തം നടന്ന് ആറുമാസത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിച്ചത്.
വെടിമരുന്ന് നിർമാണത്തിനായി നിരോധിതമായ പൊട്ടാസ്യം ക്ലോറേറ്റ് വ്യാപകമായി ഉപയോഗിച്ചിരുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. അപകടമുണ്ടായ സ്ഥലത്ത് അനുവദനീയമായതിലും വളരെ അധികം അളവിൽ സ്ഫോടകവസ്തുക്കൾ അനധികൃതമായി സംഭരിച്ചിരുന്നുവെന്നും കമ്മീഷൻ കണ്ടെത്തി. 15 കിലോ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാനായിരുന്നു അനുമതിയുണ്ടായിരുന്നത്. എന്നാൽ ഏകദേശം 7,000 കിലോ സ്ഫോടകവസ്തുക്കൾ അവിടെ സൂക്ഷിച്ചിരുന്നതായാണ് റിപ്പോർട്ടിലുള്ളത്.
ഉയർന്ന അന്തരീക്ഷ താപനിലയിൽ രാസവസ്തുക്കൾ തമ്മിലുണ്ടായ ഘർഷണമാണ് തീപിടിത്തത്തിലേക്ക് നയിച്ചതെന്നും അന്വേഷണത്തിൽ വിലയിരുത്തുന്നു. വെടിക്കെട്ട് നിർമാണത്തിനിടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതും അനുവദനീയമായതിലധികം സ്ഫോടകവസ്തുക്കൾ സൂക്ഷിച്ചതും ദുരന്തത്തിന്റെ ഗൗരവം വർധിപ്പിച്ചുവെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ.
ഈ വർഷം ഏപ്രിൽ 21നായിരുന്നു മുണ്ടത്തിക്കോട് തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിൽ നാടിനെ നടുക്കിയ സ്ഫോടനമുണ്ടായത്. തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെയുണ്ടായ അപകടത്തിൽ 16 പേർ മരിച്ചു. തിരുവമ്പാടി വെടിക്കെട്ടിന്റെ ലൈസൻസിയായ മുണ്ടത്തിക്കോട് സതീശൻ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. നാൽപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ദുരന്തത്തിന് പിന്നാലെ ചേർന്ന മന്ത്രിസഭാ യോഗമാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരുടെ നേതൃത്വത്തിൽ ഏകാംഗ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചത്. അപകടസ്ഥലം സന്ദർശിച്ച കമ്മീഷൻ അധ്യക്ഷൻ പരിക്കേറ്റവരെയും നേരിൽ കണ്ടിരുന്നു. വിശദമായ അന്വേഷണത്തിനും തെളിവെടുപ്പിനും ശേഷമാണ് റിപ്പോർട്ട് ആഭ്യന്തരമന്ത്രിക്ക് സമർപ്പിച്ചത്.
Comments ()