ബസ് കാത്തുനിന്നവർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; യുവതി മരിച്ചു

ജില്ലാ ജനറൽ ആശുപത്രിക്ക് സമീപം ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം. നാഗമ്പടം ബസ് സ്റ്റാൻഡിൽനിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്ന തണ്ടപ്ര എന്ന സ്വകാര്യ ബസാണ് ചന്തക്കവലയിൽ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയത്

ബസ് കാത്തുനിന്നവർക്കിടയിലേക്ക് ബസ് പാഞ്ഞുകയറി; യുവതി മരിച്ചു

കോട്ടയം: ചന്തക്കവലയിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നടപ്പാതയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ 19കാരി മരിച്ചു. നട്ടാശേരി പാറയിൽ അജയന്റെ മകൾ അഞ്ജലിയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. അപകടത്തിൽ പരിക്കേറ്റ അഞ്ജലി സർജിക്കൽ ഐസിയുവിൽ വെന്റിലേറ്ററിലായിരുന്നു.

ജില്ലാ ജനറൽ ആശുപത്രിക്ക് സമീപം ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം. നാഗമ്പടം ബസ് സ്റ്റാൻഡിൽനിന്ന് ചങ്ങനാശേരി ഭാഗത്തേക്ക് പോവുകയായിരുന്ന തണ്ടപ്ര എന്ന സ്വകാര്യ ബസാണ് ചന്തക്കവലയിൽ നിയന്ത്രണം വിട്ട് നടപ്പാതയിലേക്ക് ഇടിച്ചുകയറിയത്. ബസ് കാത്തുനിന്നവരും വഴിയാത്രക്കാരുമായ അഞ്ച് സ്ത്രീകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബസിനടിയിൽ കുടുങ്ങിയവരെ നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്.

മാതാവ് മരിച്ചതിനെത്തുടർന്ന് വലിയമ്മയോടൊപ്പം താമസിച്ചിരുന്ന അഞ്ജലി ചന്തക്കവലയ്ക്ക് സമീപമുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. അപകടസമയത്ത് ചാറ്റൽമഴയുണ്ടായിരുന്നതിനാൽ ചിലർ ബസ് സ്റ്റോപ്പിന് സമീപത്തെ കടത്തിണ്ണയിൽ കയറി നിന്നത് കൂടുതൽ പേർക്ക് പരിക്കേൽക്കുന്നത് ഒഴിവാക്കിയെന്നാണ് വിവരം. അപകടത്തിന് പിന്നാലെ ബസിൽനിന്നിറങ്ങി ഓടിയ ഡ്രൈവറെ പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടി. സംഭവത്തിൽ തുടർനടപടികൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.