നെടുമ്പാശേരി അപകടമരണം; സുഹൈലിന്റെയും മൂന്ന് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി
അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവർക്കെതിരെ കുറ്റകരമായ നരഹത്യ ചുമത്തിയ ബിഎൻഎസ് 105-ാം വകുപ്പ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. അപകടത്തിന് ദൃക്സാക്ഷികളില്ലെന്നും വാഹനത്തിന്റെ വേഗം തെളിയിക്കുന്ന രേഖകൾ പൊലീസ് ഹാജരാക്കിയിട്ടില്ലെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി
കൊച്ചി: നെടുമ്പാശേരി എയർപോർട്ട് റോഡിൽ കാറിടിച്ച് മൂന്ന് പേർ മരിച്ച സംഭവത്തിൽ ഒന്നാം പ്രതി സുഹൈലിന് ജാമ്യമില്ല. അങ്കമാലി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസിലെ മറ്റ് പ്രതികളായ നിനവ്, ജോയൽ, അമീൻ എന്നിവരുടെ ജാമ്യാപേക്ഷകളും കോടതി നിരസിച്ചു. ജാമ്യഹർജികളിൽ ഇരുവിഭാഗത്തിന്റെയും വാദം കഴിഞ്ഞ ദിവസം രണ്ടര മണിക്കൂറോളം നീണ്ടിരുന്നു.
അപകടമുണ്ടാക്കിയ കാറിന്റെ ഡ്രൈവർക്കെതിരെ കുറ്റകരമായ നരഹത്യ ചുമത്തിയ ബിഎൻഎസ് 105-ാം വകുപ്പ് നിലനിൽക്കില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം. അപകടത്തിന് ദൃക്സാക്ഷികളില്ലെന്നും വാഹനത്തിന്റെ വേഗം തെളിയിക്കുന്ന രേഖകൾ പൊലീസ് ഹാജരാക്കിയിട്ടില്ലെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. സിസിടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകൾ സമർപ്പിച്ചിട്ടില്ലെന്നും സീൻ മഹസർ മറച്ചുവെച്ചെന്നുമുള്ള ആരോപണങ്ങളും പ്രതിഭാഗം ഉന്നയിച്ചു. കാറിലുണ്ടായിരുന്ന മറ്റ് പ്രതികൾക്കെതിരായ ആരോപണങ്ങൾക്കും എഫ്ഐആറിലെ സാക്ഷിമൊഴികളിൽ വ്യക്തമായ അടിസ്ഥാനമില്ലെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്.
അപകടസമയത്ത് സുഹൈൽ സ്ഥലത്തുനിന്ന് ഓടിപ്പോയിട്ടില്ലെന്നും ഇയാൾക്കെതിരെ മുൻപ് പരാതികളൊന്നുമുണ്ടായിരുന്നില്ലെന്നും പ്രതിഭാഗം വാദിച്ചു. കേസിനെ സാമൂഹിക മാധ്യമങ്ങളിലൂടെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയെന്നും ഒന്നാം പ്രതിയുടെ കുടുംബത്തിനെതിരെ ആക്രമണം നടക്കുന്നുണ്ടെന്നും അഭിഭാഷകർ കോടതിയിൽ ചൂണ്ടിക്കാട്ടി. എന്നാൽ, ഒന്നാം പ്രതിയുടെ രക്തത്തിൽ 161 മില്ലിഗ്രാമും മൂത്രത്തിൽ 230 മില്ലിഗ്രാമും ആൽക്കഹോളിന്റെ അംശം കണ്ടെത്തിയെന്നാണ് പരിശോധനാ ഫലമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ ഉടൻ ഹാജരാക്കുമെന്നും അന്വേഷണം പുരോഗമിക്കുന്നതിനാൽ ഈ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഇരു വിഭാഗത്തിന്റെയും വാദങ്ങൾ പരിഗണിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷകൾ തള്ളിയത്.
Comments ()