ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ ബൈക്കിലേക്ക് തെറിച്ചുവീണു; കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം
സിലിണ്ടർ വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ നാട്ടുകാരും പൊലീസും ചേർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്ഇബിയിൽ സബ് എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം
കണ്ണൂർ: ദേശീയപാതയിൽ വാഹനാപകടത്തിന് പിന്നാലെ കെഎസ്ഇബി ജീവനക്കാരന് ദാരുണാന്ത്യം. പാപ്പിനിശേരി ചുങ്കത്ത് വെള്ളിയാഴ്ച രാത്രി 9.30ഓടെ ഓടിക്കൊണ്ടിരുന്ന മിനിലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ റോഡിലേക്ക് തെറിച്ചുവീണ് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്രീജിത്ത് (47) മരിക്കുകയായിരുന്നു. ചിറക്കൽ പുഴാതി സോമേശ്വരീ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശ്രീജിത്ത് ധർമശാലയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
സിലിണ്ടർ വീണതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ നാട്ടുകാരും പൊലീസും ചേർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെഎസ്ഇബിയിൽ സബ് എൻജിനീയറായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം.
അപകടത്തിന് കാരണമായ മിനിലോറി വളപട്ടണം പൊലീസ് കസ്റ്റഡിയിലെടുത്തു. ഭാരമുള്ള ഓക്സിജൻ സിലിണ്ടറുകൾ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളില്ലാതെ വാഹനത്തിൽ കൊണ്ടുപോയതാണോ അപകടത്തിലേക്ക് നയിച്ചതെന്ന ചോദ്യം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.
Comments ()