റിയാദ് ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് നാളെ; പ്രവാസികൾക്ക് പരാതികൾ നേരിട്ടറിയിക്കാം
അംബാസഡറെയും ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് പരാതികൾ അറിയിക്കാൻ ഇതിലൂടെ സാധിക്കും. പങ്കെടുക്കാൻ മുൻകൂർ രജിസ്ട്രേഷൻ നിർബന്ധമാണ്.
സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളുടെ വിവിധ പ്രശ്നങ്ങളും പരാതികളും നേരിട്ട് കേൾക്കുന്നതിനായി റിയാദിലെ ഇന്ത്യൻ എംബസിയിൽ 'ഓപ്പൺ ഹൗസ്' സംഘടിപ്പിക്കുന്നു. ഒക്ടോബർ ഒന്ന് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3:00 മുതൽ വൈകീട്ട് 5:00 വരെ റിയാദ് ഡിപ്ലോമാറ്റിക് ക്വാർട്ടറിലെ ബി-1 ചത്വരത്തിലുള്ള എംബസി അങ്കണത്തിലാണ് പരിപാടി നടക്കുന്നത്.
പ്രവാസികൾക്ക് അംബാസഡറെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും നേരിൽ കണ്ട് തങ്ങൾ നേരിടുന്ന പ്രതിസന്ധികൾ ബോധിപ്പിക്കാനും, ആവശ്യമായ സഹായങ്ങളും പരിഹാര മാർഗ്ഗനിർദ്ദേശങ്ങളും തേടാനും ഇതിലൂടെ അവസരം ലഭിക്കും.
പങ്കൊടുക്കാൻ ആഗ്രഹിക്കുന്നവർ എംബസി നൽകിയിട്ടുള്ള ലിങ്ക് വഴിയോ ക്യൂആർ (QR) കോഡ് വഴിയോ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാണ്. എന്നാൽ പാസ്‌പോർട്ട് വിതരണം, അറ്റസ്റ്റേഷൻ തുടങ്ങിയ പതിവ് കോൺസുലർ സേവനങ്ങളും നിലവിലുള്ള അപേക്ഷകളുടെ അന്വേഷണങ്ങളും ഈ ഓപ്പൺ ഹൗസിന്റെ പരിധിയിൽ വരില്ലെന്നും, ഇത്തരം ആവശ്യങ്ങൾക്ക് ഔദ്യോഗിക സംവിധാനങ്ങൾ തന്നെ ഉപയോഗിക്കണമെന്നും എംബസി വ്യക്തമാക്കി. എംബസി നൽകിയിരിക്കുന്ന രജിസ്ട്രേഷൻ ലിങ്ക് https://docs.google.com/.../1FAIpQLSfdaotF2FEoLj.../viewform അല്ലെങ്കിൽ ക്യൂആർ കോഡ് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം.
Comments ()