ആഡംബര ജീവിതത്തിന് ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; ലിവിങ് പങ്കാളികൾ അടക്കം 7 പേർ അറസ്റ്റിൽ
മൊബൈല്‍ ഫോണ്‍, സ്വര്‍ണ ചെയിന്‍ എന്നിവ വാങ്ങാന്‍ ഇവര്‍ പണം ഉപയോഗിച്ചു.
മഹാരാഷ്ട്രയിലെ ഛത്രപതി സംബാജിനഗറിൽ ആഡംബര ജീവിതത്തിനായി ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ ലിവിങ് പങ്കാളികൾ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. പുതിയ മൊബൈൽ ഫോണും സ്വർണ്ണച്ചെയിനും വാങ്ങാനാണ് ഇവർ ഒരു ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വിറ്റത്. ഹൈദരാബാദിൽ നിന്ന് പോലീസ് കുഞ്ഞിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി.
സെപ്റ്റംബർ 20-ന് തനിക്ക് മർദ്ദനമേറ്റെന്ന് കാണിച്ച് കുഞ്ഞിന്റെ അമ്മ നൽകിയ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഈ ക്രൂരത പുറത്തുവന്നത്. മുമ്പും നാലുതവണ ഇവർ കുഞ്ഞിനെ വിൽക്കാൻ ശ്രമിച്ചിരുന്നതായി പോലീസ് വെളിപ്പെടുത്തി.
കുഞ്ഞിന്റെ വിൽപനയ്ക്ക് പിന്നിൽ വൻ ഇടനിലക്കാരുടെ ശൃംഖല തന്നെ പ്രവർത്തിച്ചിരുന്നു. സീമ റെഷ്‌വാൾ എന്ന ഇടനിലക്കാരിക്ക് 1.2 ലക്ഷം രൂപയ്ക്കാണ് മാതാപിതാക്കൾ ആദ്യം കുഞ്ഞിനെ നൽകിയത്. തുടർന്ന് സീമ ഈ കുഞ്ഞിനെ പടേഗൺ സ്വദേശിനിയായ സംഗീത അവ്ഹദിന് 2.7 ലക്ഷം രൂപയ്ക്ക് മറിച്ചുവിറ്റു. സംഗീതയാകട്ടെ, സുരേഷ് ഗുണ്ടുക എന്ന വ്യാജ ഡോക്ടർക്ക് 3.5 ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ കൈമാറി. ഒടുവിൽ ഇയാൾ ഹൈദരാബാദിലെ ബന്ധുവായ ഉമ ഖട്കം എന്നയാൾക്ക് ഇതേ തുകയ്ക്ക് കുഞ്ഞിനെ നൽകുകയായിരുന്നു.
കുഞ്ഞിന്റെ മാതാപിതാക്കളെ കൂടാതെ ഇടനിലക്കാരായി നിന്ന അഞ്ചുപേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുഞ്ഞിനെ വിറ്റ പണം ഉപയോഗിച്ച് ഇവർ വാങ്ങിയ ആഡംബര മൊബൈൽ ഫോണും സ്വർണ്ണച്ചെയിനും പോലീസ് പിടിച്ചെടുത്തു. പ്രതികൾ മുൻപും സമാനരീതിയിൽ കുട്ടിക്കടത്ത് നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
Comments ()