തിരക്കിനിടയിലും മാതൃകാ പ്രവർത്തനം; പൈപ്പിലെ വെള്ളച്ചോർച്ച തടഞ്ഞ ഡെലിവറി ബോയിക്ക് ദുബായിയുടെ സ്നേഹാദരം

മുഹമ്മദ് പര്‍വേസിനെ ജബല്‍ അലിയിലെ പെര്‍മനന്റ് കമ്മിറ്റി ഓഫ് ലേബര്‍ അഫയേഴ്‌സ് ഓഫീസിലേക്ക് ക്ഷണിച്ച് ആദരിച്ചു.

തിരക്കിനിടയിലും മാതൃകാ പ്രവർത്തനം; പൈപ്പിലെ വെള്ളച്ചോർച്ച തടഞ്ഞ ഡെലിവറി ബോയിക്ക് ദുബായിയുടെ സ്നേഹാദരം

വാഹനത്തിരക്കേറിയ റോഡരികിലെ പൊട്ടിയ പൈപ്പിൽ നിന്ന് വെള്ളം ഒഴുകി ഗതാഗതം തടസ്സപ്പെട്ടത് കണ്ട്, സ്വന്തം ഡെലിവറി ജോലി പോലും മാറ്റിവെച്ച് പൈപ്പ് ശരിയാക്കിയ ഇന്ത്യൻ യുവാവ് മുഹമ്മദ് പർവേസിന് ദുബായിയുടെ ആദരം. ഓർഡർ എത്തിക്കാൻ പോകുന്നതിനിടെ റോഡിലെ വെള്ളക്കെട്ട് ശ്രദ്ധയിൽപ്പെട്ട പർവേസ്, പിന്മാറാതെ നിരന്തരം പരിശ്രമിച്ചാണ് പൈപ്പിലെ വെള്ളത്തിന്റെ ഒഴുക്ക് പൂർണ്ണമായും നിയന്ത്രിച്ചത്. വഴിയാത്രക്കാരനായ ഒരു സ്വദേശി പകർത്തിയ ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് പർവേസിന്റെ നന്മ അധികൃതരുടെ ശ്രദ്ധയിലെത്തുന്നത്.

തുടർന്ന്, ജിഡിആർഎഫ്‌എയുടെ കീഴിലുള്ള തൊഴിൽ കാര്യ സ്ഥിരം സമിതി, പർവേസിനെ ജബൽ അലിയിലെ ഓഫീസിലേക്ക് ക്ഷണിച്ചുവരുത്തി അനുമോദിച്ചു. സമിതി അധികൃതനായ അബ്ദുള്ള ലഷ്കരി അദ്ദേഹത്തിന് സർട്ടിഫിക്കറ്റും പ്രത്യേക ഉപഹാരവും കൈമാറി.

അപ്രതീക്ഷിതമായി ലഭിച്ച ഈ അംഗീകാരത്തിൽ ഏറെ സന്തോഷിച്ച പർവേസ്, 'ഐ ലവ് യൂ ദുബായ്' എന്ന് പറഞ്ഞാണ് അധികൃതർക്ക് നന്ദി അറിയിച്ചത്. 'ഇത് എന്റെ ജോലിയല്ല' എന്ന് കരുതി കടന്നുപോകാതെ പൊതുനന്മയ്ക്കായി മുന്നിട്ടിറങ്ങിയ ഒരു സാധാരണ തൊഴിലാളിയുടെ ഉത്തരവാദിത്തബോധത്തെ ദുബായ് നഗരം ഹൃദയപൂർവ്വം ചേർത്തുപിടിക്കുകയായിരുന്നു.