സ്കൂട്ടറുമായി കൂട്ടിയിടിച്ച് ബൈക്ക് മതിലിലിടിച്ചു; ഐടിഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ഐടിഐയിലേക്ക് പോകുകയായിരുന്ന ആദർശും സുഹൃത്ത് ആദിദേവും സഞ്ചരിച്ച ബൈക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു

സ്കൂട്ടറുമായി കൂട്ടിയിടിച്ച് ബൈക്ക് മതിലിലിടിച്ചു; ഐടിഐ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

മാവേലിക്കര: സ്കൂട്ടറുമായി കൂട്ടിയിടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മതിലിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. മാവേലിക്കര വിക്രം സാരാഭായി ഐടിഐയിലെ രണ്ടാംവർഷ ഇലക്ട്രിക്കൽ വിദ്യാർത്ഥിയായ തെക്കേക്കര പല്ലാരിമംഗലം സൗപർണികയിൽ ശാന്തകുമാർ-രാജി ദമ്പതികളുടെ മകൻ എസ്. ആദർശ് കുമാർ (21) ആണ് മരിച്ചത്. കിച്ചു എന്നറിയപ്പെടുന്ന ആദർശ് സുഹൃത്തിനൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

ഇന്നലെ രാവിലെ 7.45ഓടെ മാവേലിക്കര-രണ്ടാംകുറ്റി റോഡിലെ കൊച്ചുപറമ്പിൽ ജംഗ്ഷനിലായിരുന്നു സംഭവം. ഐടിഐയിലേക്ക് പോകുകയായിരുന്ന ആദർശും സുഹൃത്ത് ആദിദേവും സഞ്ചരിച്ച ബൈക്ക് റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്കൂട്ടറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് സമീപത്തെ മതിലിൽ ഇടിക്കുകയും ഇരുവരും റോഡരികിലെ ഓടയുടെ സ്ലാബിലേക്ക് തെറിച്ചുവീഴുകയും ചെയ്തു.

അപകടത്തിൽ ആദർശിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നാട്ടുകാരുടെയും സുഹൃത്തിന്റെയും സഹായത്തോടെ ഇരുവരെയും ഉടൻ മാവേലിക്കര ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ആദർശിനെ തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ പരിക്കേറ്റ ആദിദേവ് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

അതേസമയം, സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന താമരക്കുളം സ്വദേശി മനോജിനും മകനും നിസാര പരിക്കുകളോടെ രക്ഷപ്പെടാനായി. യുവാവിന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും സുഹൃത്തുക്കളെയും സഹപാഠികളെയും ദുഃഖത്തിലാഴ്ത്തി.