നാലാം ക്ലാസിൽ സ്കൂൾ വിട്ടു, ഗുരുകുലത്തിൽ വേദം പഠിച്ചു; ഗോവിന്ദ് കൃഷ്ണൻ ഇന്ന് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞൻ!

പിന്നീട് ഉപരിപഠനത്തിനായി മംഗളൂരുവിലെ മൂഡബിദ്രിയിലുള്ള ആൽവാസ് കോളജിൽ ചേർന്നു. ഈ കാലഘട്ടത്തിലാണ് എഞ്ചിനീയറിങ്ങിനോടും ആധുനിക ശാസ്ത്രത്തോടുമുള്ള താൽപര്യം ശക്തമായത്

നാലാം ക്ലാസിൽ സ്കൂൾ വിട്ടു, ഗുരുകുലത്തിൽ വേദം പഠിച്ചു; ഗോവിന്ദ് കൃഷ്ണൻ ഇന്ന് ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞൻ!

കണ്ണൂർ: ചെറുപ്രായത്തിൽ വേദപഠനത്തിനായി സാധാരണ സ്കൂൾ വിദ്യാഭ്യാസം വിട്ടിറങ്ങിയ ഗോവിന്ദ് കൃഷ്ണൻ ഇന്ന് രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ രംഗത്ത് ശാസ്ത്രജ്ഞൻ. പരമ്പരാഗത ഗുരുകുല വിദ്യാഭ്യാസത്തിൽ നിന്ന് തുടങ്ങി ജെഇഇ പരീക്ഷകളിലെ വിജയം വഴി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിലെത്തിയ ഗോവിന്ദ് ഒടുവിൽ ഐഎസ്ആർഒയിൽ ശാസ്ത്രജ്ഞനായി ഇടംനേടി. പുരാതന വിജ്ഞാനവും ആധുനിക ശാസ്ത്രവും ഒരുമിച്ച് കൊണ്ടുപോകാമെന്ന് തെളിയിക്കുന്നതാണ് കണ്ണൂർ സ്വദേശിയുടെ ഈ വേറിട്ട ജീവിതയാത്ര.

പയ്യന്നൂർ കേന്ദ്രീയ വിദ്യാലയത്തിൽ നാലാം ക്ലാസ് പൂർത്തിയാക്കിയ ശേഷമാണ് ഗോവിന്ദ് പരമ്പരാഗത വേദപഠനത്തിലേക്ക് തിരിഞ്ഞത്. 2011ൽ തൃശൂരിലെ ബ്രഹ്മസ്വം മഠത്തിൽ ചേർന്ന അദ്ദേഹം ഗുരുകുല സമ്പ്രദായത്തിൽ യജുർവേദം അഭ്യസിച്ചു. മുൻ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥനായ പിതാവ് ഹരീഷ് കുമാറിന്റെ തീരുമാനമായിരുന്നു മകനെ വേദപഠനത്തിലേക്ക് നയിച്ചത്.

മന്ത്രങ്ങൾ മനഃപാഠമാക്കുന്നതിനും ഗുരുക്കന്മാരുടെ വാക്കുകളിലൂടെ അറിവ് സ്വായത്തമാക്കുന്നതിനും കർശനമായ ദിനചര്യകൾ പാലിക്കുന്നതിനുമായിരുന്നു ഗുരുകുലത്തിലെ പരിശീലനത്തിൽ പ്രാധാന്യം. ആധുനിക പഠനസഹായികളില്ലാത്ത അന്തരീക്ഷത്തിൽ ഏകാഗ്രതയ്ക്കും ഓർമശക്തിക്കും വലിയ പ്രാധാന്യമുണ്ടായിരുന്നു. അഞ്ചുവർഷം ദൈർഘ്യമുള്ള പഠനപരിപാടി നാല് വർഷംകൊണ്ട് പൂർത്തിയാക്കാനും ഗോവിന്ദിന് കഴിഞ്ഞു. അദ്ദേഹത്തിന്റെ ബാച്ചിലെ അഞ്ച് വിദ്യാർത്ഥികളും യജുർവേദമാണ് തെരഞ്ഞെടുത്തത്.

വേദപഠനത്തിനൊപ്പം പൊതുവിദ്യാഭ്യാസവുമായുള്ള ബന്ധവും അദ്ദേഹം നിലനിർത്തി. പരീക്ഷകൾ എഴുതുന്നതിനായി സമീപത്തെ സർക്കാർ സ്കൂളിൽ രജിസ്റ്റർ ചെയ്തിരുന്ന ഗോവിന്ദ് പിന്നീട് സാധാരണ സ്കൂൾ പഠനത്തിലേക്ക് മടങ്ങി. കോഴിക്കോട് നടക്കാവ് വിവേകോദയം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു എട്ടാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള പഠനം.

രണ്ട് വ്യത്യസ്ത വിദ്യാഭ്യാസ രീതികൾ ഒരേസമയം മുന്നോട്ടുകൊണ്ടുപോകുക എന്നത് എളുപ്പമായിരുന്നില്ല. രാവിലെ 8.30 വരെ ഗുരുകുലത്തിൽ പഠിച്ചശേഷം സ്കൂളിൽ പോകും. വൈകുന്നേരം തിരിച്ചെത്തിയാൽ രാത്രി ഒൻപത് മണിവരെ വീണ്ടും വേദപഠനം. അതിനുശേഷം സ്കൂൾ വിഷയങ്ങൾക്കായി രാത്രി 11 മണിവരെ സമയം കണ്ടെത്തിയിരുന്നു. ഈ കഠിനാധ്വാനത്തിന്റെ ഫലമായി പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാൻ അദ്ദേഹത്തിന് സാധിച്ചു.

പിന്നീട് ഉപരിപഠനത്തിനായി മംഗളൂരുവിലെ മൂഡബിദ്രിയിലുള്ള ആൽവാസ് കോളജിൽ ചേർന്നു. ഈ കാലഘട്ടത്തിലാണ് എഞ്ചിനീയറിങ്ങിനോടും ആധുനിക ശാസ്ത്രത്തോടുമുള്ള താൽപര്യം ശക്തമായത്. തുടർന്ന് രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിതമായ പ്രവേശന പരീക്ഷകളിലൊന്നായ ജെഇഇ മെയിനും ജെഇഇ അഡ്വാൻസ്ഡും വിജയിച്ചു.

ജെഇഇ അഡ്വാൻസ്ഡിലെ നേട്ടം തിരുവനന്തപുരത്തെ വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജിയിൽ (ഐഐഎസ്ടി) പ്രവേശനത്തിന് വഴിയൊരുക്കി. 2021ൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ വിഭാഗത്തിൽ ബി.ടെക് പഠനം ആരംഭിച്ചു.

പഠനത്തിലെ ഈ മുന്നേറ്റത്തിന് പിന്നാലെ 2025ൽ ഐഎസ്ആർഒ സെൻട്രലൈസ്ഡ് റിക്രൂട്ട്മെന്റ് ബോർഡ് വഴി ശാസ്ത്രജ്ഞനായി തിരഞ്ഞെടുക്കപ്പെട്ടു. അതേ വർഷം ജൂലൈയിൽ തിരുവനന്തപുരത്തെ തുമ്പയിലുള്ള വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ഔദ്യോഗിക ജീവിതത്തിനും തുടക്കമായി.

ശാസ്ത്രരംഗത്തെ ഔദ്യോഗിക ജീവിതം ആരംഭിച്ചെങ്കിലും ഗുരുകുലത്തിൽ നിന്ന് നേടിയ അറിവുകളെ കൈവിടാൻ ഗോവിന്ദ് തയ്യാറല്ല. ആത്മീയതയും ശാസ്ത്രവും പരസ്പരവിരുദ്ധമല്ലെന്നും രണ്ടിനും ഒരുമിച്ച് മുന്നോട്ടുപോകാൻ കഴിയുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ജീവിതത്തിലെ ഒരു ഘട്ടം വേദപഠനത്തിനും മറ്റൊരു ഘട്ടം ശാസ്ത്രത്തിനുമായി സമർപ്പിച്ചെങ്കിലും രണ്ടിലൊന്നിനെയും പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഗുരുകുലത്തിൽ നിന്ന് ലഭിച്ച അച്ചടക്കവും ഏകാഗ്രതയും ഓർമശക്തിയും തുടർന്നുള്ള പഠനത്തിലും വലിയ പിന്തുണയായെന്നാണ് ഗോവിന്ദിന്റെ വിലയിരുത്തൽ. ജോലിത്തിരക്കുകൾക്കിടയിലും ദിവസവും ഒന്നോ രണ്ടോ മണിക്കൂർ വേദപഠനത്തിനായി മാറ്റിവെക്കാനാണ് തീരുമാനം. ഭാവിയിൽ താൻ നേടിയ പരമ്പരാഗത അറിവുകൾ പുതുതലമുറയ്ക്ക് പകർന്നുനൽകാനും അദ്ദേഹം ആഗ്രഹിക്കുന്നു.

സാധാരണ വിദ്യാഭ്യാസ വഴികളിൽ നിന്ന് മാറി സഞ്ചരിച്ചിട്ടും ശാസ്ത്രത്തിന്റെ ഉയരങ്ങളിലെത്താൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഗോവിന്ദ് കൃഷ്ണൻ. പാരമ്പര്യവും ആധുനികതയും കൈകോർക്കുമ്പോൾ അറിവിന്റെ ലോകത്ത് പുതിയ സാധ്യതകൾ തുറക്കാനാകുമെന്നതിന്റെ മികച്ച ഉദാഹരണമായി മാറുകയാണ് ഈ യുവ ശാസ്ത്രജ്ഞന്റെ ജീവിതം.