ആരോഗ്യം മോശമായി; എൽപിഎസ്ടി സമരത്തിൽ ജയകൃഷ്ണൻ നിരാഹാരം അവസാനിപ്പിച്ചു
ആരോഗ്യപ്രശ്നങ്ങൾ വഷളായതിനെ തുടർന്നാണ് തീരുമാനം. അതേസമയം, സമരത്തിലെ മറ്റൊരു നേതാവായ വളർമതി നിരാഹാരം തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സമരസമിതി അറിയിച്ചു
തിരുവനന്തപുരം: നിയമനാവശ്യം ഉന്നയിച്ച് എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരം കൂടുതൽ ശക്തമാകുന്നതിനിടെ സമരനേതാവ് എം. ജയകൃഷ്ണൻ നിരാഹാര സമരം അവസാനിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങൾ വഷളായതിനെ തുടർന്നാണ് തീരുമാനം. അതേസമയം, സമരത്തിലെ മറ്റൊരു നേതാവായ വളർമതി നിരാഹാരം തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സമരസമിതി അറിയിച്ചു.
സമരവേദിയിൽ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ജയകൃഷ്ണൻ സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും കടുത്ത വിമർശനമാണ് ഉന്നയിച്ചത്. നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തെ പരാമർശിച്ച അദ്ദേഹം, നിലവിലെ സാഹചര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോയെന്ന് ചോദിച്ചു. ഉദ്യോഗാർത്ഥികളുടെ ജീവൻ പോലും സംരക്ഷിക്കാൻ കഴിയാത്ത അവസ്ഥയിലാണ് സർക്കാരെന്നും അദ്ദേഹം ആരോപിച്ചു.
നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് ജയകൃഷ്ണന്റെ പ്രധാന ആരോപണം. മുഖ്യമന്ത്രി മുൻകൈയെടുത്ത് സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും പ്രശ്നപരിഹാരത്തിന് അത് സഹായിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമന നടപടികൾക്ക് തടസ്സമാകുന്നത് മുഖ്യമന്ത്രിയുടെ ചുമതലയിലുള്ള ധനവകുപ്പാണെന്നും ജയകൃഷ്ണൻ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം നടന്ന ചർച്ച പ്രശ്നപരിഹാരത്തിനുള്ള ആത്മാർഥമായ ശ്രമമായിരുന്നില്ലെന്നും സർക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാനുള്ള നീക്കം മാത്രമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. നിരാഹാര സമരത്തിലുള്ളവരോട് തീരുമാനമെടുക്കാൻ ഒരാഴ്ചത്തെ സമയം ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും ജയകൃഷ്ണൻ വ്യക്തമാക്കി.
റാങ്ക് പട്ടികയിലുള്ള ഉദ്യോഗാർത്ഥികളുടെ ആശങ്കകൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്നും നിയമന കാര്യത്തിൽ സർക്കാർ വ്യക്തമായ തീരുമാനം പ്രഖ്യാപിക്കണമെന്നും സമരനേതാവ് ആവശ്യപ്പെട്ടു. ജയകൃഷ്ണൻ നിരാഹാരം അവസാനിപ്പിച്ചെങ്കിലും വളർമതി സമരം തുടരുന്നതിനാൽ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിഷേധം തുടരുകയാണ്.
Comments ()