ഗുരുവായൂരിലെത്തുന്ന ഭക്തരോട് മാന്യമായി പെരുമാറണം; ജീവനക്കാർക്ക് കർശന നിർദേശവുമായി ഹൈക്കോടതി

ക്ഷേത്ര ജീവനക്കാരിൽ നിന്ന് ഭക്തർക്ക് അപമാനവും ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നതായി ലഭിച്ച പരാതികളെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹർജികളിലാണ് നിർണായക ഇടപെടൽ

ഗുരുവായൂരിലെത്തുന്ന ഭക്തരോട് മാന്യമായി പെരുമാറണം; ജീവനക്കാർക്ക് കർശന നിർദേശവുമായി ഹൈക്കോടതി

കൊച്ചി: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തുന്ന ഭക്തരോട് ജീവനക്കാർ മാന്യമായും ക്ഷമയോടെയും പെരുമാറണമെന്ന് ഹൈക്കോടതിയുടെ നിർദേശം. ഭക്തരോട് ദേഷ്യപ്പെടുകയോ മോശം ഭാഷയിൽ സംസാരിക്കുകയോ ചെയ്യുന്ന സാഹചര്യം ഒരു കാരണവശാലും ഉണ്ടാകരുതെന്നും കോടതി വ്യക്തമാക്കി.

ക്ഷേത്ര ജീവനക്കാരിൽ നിന്ന് ഭക്തർക്ക് അപമാനവും ബുദ്ധിമുട്ടുകളും നേരിടേണ്ടിവരുന്നതായി ലഭിച്ച പരാതികളെത്തുടർന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹർജികളിലാണ് നിർണായക ഇടപെടൽ. ജസ്റ്റിസ് ബസന്ത് ബാലാജി ഉൾപ്പെട്ട ദേവസ്വം ബെഞ്ചാണ് ക്ഷേത്ര ജീവനക്കാർ പാലിക്കേണ്ട പെരുമാറ്റച്ചട്ടം സംബന്ധിച്ച് നിർദേശങ്ങൾ നൽകിയത്.

ദർശനത്തിനെത്തുന്നവരോട് സംയമനത്തോടെ ഇടപെടണം. ഏതെങ്കിലും തരത്തിലുള്ള പ്രകോപനമുണ്ടായാലും ജീവനക്കാർ തർക്കങ്ങളിൽ ഏർപ്പെടരുത്. ഭക്തരോട് ദേഷ്യം പ്രകടിപ്പിക്കാതെയും അധിക്ഷേപകരമായ പെരുമാറ്റം ഒഴിവാക്കിയും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും കോടതി ഓർമിപ്പിച്ചു.

ഹൈക്കോടതിയുടെ നിർദേശങ്ങൾ പൂർണമായി അംഗീകരിക്കുന്നതായും അവ നടപ്പാക്കുമെന്ന് ഉറപ്പുനൽകുന്നതായും ഗുരുവായൂർ ദേവസ്വത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ നിർദേശങ്ങൾ പാലിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ കോടതി ഹർജികൾ തീർപ്പാക്കി.

ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് മാന്യമായ പെരുമാറ്റവും സുഗമമായ ദർശനസൗകര്യവും ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ.