ഭര്‍ത്താവ് ഉപദ്രപിച്ചതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് അയച്ചുകൊടുത്തു, പിന്നാലെ 27കാരി ജീവനൊടുക്കിയ നിലയില്‍

ഭർത്താവിന്റെ ശാരീരിക പീഡനമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. പീഡനത്തെ തുടർന്ന് ശരീരത്തിലേറ്റ മുറിവുകളുടെ ചിത്രങ്ങൾ ആരതി പലതവണ തന്റെ അമ്മയ്ക്ക് വാട്സ്ആപ്പ് വഴി അയച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു

ഭര്‍ത്താവ് ഉപദ്രപിച്ചതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് അയച്ചുകൊടുത്തു, പിന്നാലെ 27കാരി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: തലസ്ഥാനത്തെ ആറ്റുകാലിൽ 27-കാരിയായ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. ആറ്റുകാൽ സ്വദേശിനി ആരതിയുടെ മരണത്തിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങളാണ് ബന്ധുക്കൾ ഉന്നയിച്ചിരിക്കുന്നത്.

ഭർത്താവിന്റെ ശാരീരിക പീഡനമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ പരാതി. പീഡനത്തെ തുടർന്ന് ശരീരത്തിലേറ്റ മുറിവുകളുടെ ചിത്രങ്ങൾ ആരതി പലതവണ തന്റെ അമ്മയ്ക്ക് വാട്സ്ആപ്പ് വഴി അയച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു.

സംഭവദിവസം ഭർത്താവ് വീട്ടിലുണ്ടായിരുന്ന സമയത്താണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതെന്നും മരണത്തിന് മുമ്പുണ്ടായ സംഭവവികാസങ്ങൾ വിശദമായി അന്വേഷിക്കണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഗാർഹിക പീഡനവും ആത്മഹത്യാ പ്രേരണയും ഉൾപ്പെടെയുള്ള ആരോപണങ്ങളിൽ തെളിവുകൾ ശേഖരിച്ചുവരികയാണ്. യുവതിയുടെ മൊബൈൽ ഫോൺ, വാട്സ്ആപ്പ് സന്ദേശങ്ങൾ, മറ്റ് ഡിജിറ്റൽ തെളിവുകൾ എന്നിവയും അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കുന്നുണ്ട്.

പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ലഭിക്കുന്നതോടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാണ് യുവതിയുടെ കുടുംബത്തിന്റെ ആവശ്യം.