നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് തെറിച്ചുവീണത് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പറിനടിയിൽ; 31കാരന് ദാരുണാന്ത്യം

പുല്ലമ്പാറയിലെ ക്വാറിയിൽനിന്ന് ലോഡ് കയറ്റി വരികയായിരുന്ന ടിപ്പർ ലോറിയുടെ സമീപത്തേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിൽനിന്ന് അരുണ്‍ തെറിച്ചുവീണത്

നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് തെറിച്ചുവീണത്  സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പറിനടിയിൽ; 31കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: വെഞ്ഞാറമൂട്ടിൽ നിയന്ത്രണം വിട്ട ബൈക്കിൽനിന്ന് തെറിച്ചുവീണ യുവാവ് ടിപ്പർ ലോറിക്കടിയിൽപ്പെട്ട് മരിച്ചു. കല്ലറ മരുതമൺകാവ്‌വിള വീട്ടിൽ അനിൽ കുമാറിന്റെയും ലളിതയുടെയും മകൻ അരുണ്‍ കുമാർ (31) ആണ് മരിച്ചത്. ടിപ്പർ ഡ്രൈവറായിരുന്ന അരുണ്‍ കുമാർ തിങ്കളാഴ്ച രാവിലെ ആറോടെയാണ് അപകടത്തിൽപ്പെട്ടത്.

പുത്തൻപാലം റോഡിൽ ചുള്ളാളം ജുമാ മസ്ജിദിന് സമീപമായിരുന്നു സംഭവം. പുല്ലമ്പാറയിലെ ക്വാറിയിൽനിന്ന് ലോഡ് കയറ്റി വരികയായിരുന്ന ടിപ്പർ ലോറിയുടെ സമീപത്തേക്കാണ് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിൽനിന്ന് അരുണ്‍ തെറിച്ചുവീണത്. സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പറിനടിയിലേക്കാണ് യുവാവ് വീണത്.

ലോറിയുടെ ടയർ അരുണിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. ക്വാറിയിൽ ലോഡ് കയറ്റുന്നതിനായി കൊണ്ടുപോകേണ്ട ലോറി എടുക്കാൻ വീട്ടിൽനിന്ന് വരുന്നതിനിടെയാണ് അപകടമുണ്ടായത്.

വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അപകടത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.