കേരളത്തിൽ വധശിക്ഷ കാത്തിരിക്കുന്നവർ 38; പട്ടികയിൽ ചെന്താമരയും
കേസിനെ "അപൂർവങ്ങളിൽ അപൂർവം" വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. വധശിക്ഷയ്ക്കൊപ്പം 20 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.
നെൻമാറ ഇരട്ടക്കൊലക്കേസിൽ പ്രതിയായ ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ചതോടെ കേരളത്തിലെ ജയിലുകളിൽ മരണശിക്ഷ കാത്തുകഴിയുന്ന തടവുകാരുടെ എണ്ണം 38 ആയി. കേസിനെ "അപൂർവങ്ങളിൽ അപൂർവം" വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് കോടതി ശിക്ഷ പ്രഖ്യാപിച്ചത്. വധശിക്ഷയ്ക്കൊപ്പം 20 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. ഈ തുക കൊല്ലപ്പെട്ട സുധാകരന്റെ മക്കൾക്ക് നൽകണമെന്നും, പിഴ അടയ്ക്കാൻ പ്രതിക്ക് സാധിക്കാത്ത പക്ഷം സർക്കാർ ആവശ്യമായ നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
ശിക്ഷ നിർണയിക്കുന്നതിനിടെ പ്രതിയുടെ മാനസികാവസ്ഥ, കുറ്റകൃത്യത്തിന്റെ സ്വഭാവം, സമൂഹത്തിന് ഉണ്ടാകുന്ന ഭീഷണി എന്നിവ കോടതി വിശദമായി വിലയിരുത്തി. ചെന്താമരയ്ക്ക് മാനസിക രോഗമില്ലെന്ന് സൈക്കോളജിക്കൽ, സൈക്യാട്രിക് പരിശോധനാ റിപ്പോർട്ടുകൾ വ്യക്തമാക്കിയതായി കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിൽ ആത്മാർത്ഥമായ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടില്ലെന്നും, ജാമ്യത്തിലിരിക്കെയാണ് കൊലപാതകങ്ങൾ നടത്തിയതെന്നും, ഭാവിയിലും കുറ്റകൃത്യങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന ജില്ലാ പ്രൊബേഷൻ ഓഫീസറുടെ റിപ്പോർട്ടും കോടതി പരിഗണിച്ചു.
നിലവിൽ പൂജപ്പുര സെൻട്രൽ ജയിലിലാണ് ഏറ്റവും കൂടുതൽ മരണശിക്ഷാ തടവുകാർ കഴിയുന്നത്. വിയ്യൂർ, കണ്ണൂർ, തവനൂർ, വിയ്യൂർ ഹൈ സെക്യൂരിറ്റി ജയിൽ, തിരുവനന്തപുരം വനിതാ ജയിൽ എന്നിവിടങ്ങളിലുമായി മറ്റ് തടവുകാരും ശിക്ഷ കാത്തിരിക്കുകയാണ്. ചെന്താമരയുടെ ശിക്ഷാവിധിയോടെ സംസ്ഥാനത്തെ മരണശിക്ഷാ തടവുകാരുടെ കണക്ക് വീണ്ടും ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്.
Comments ()