നിർമാണ ജോലിക്കിടെ ഇടിമിന്നലേറ്റു, 52കാരന് ദാരുണാന്ത്യം

വീടിന്റെ മുകൾനിലയിൽ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയാണ് വിൻസെന്റിനും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കും ഇടിമിന്നലേറ്റത്

നിർമാണ ജോലിക്കിടെ ഇടിമിന്നലേറ്റു, 52കാരന് ദാരുണാന്ത്യം

തിരുവനന്തപുരം: നിർമാണ ജോലിക്കിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു. തിരുവനന്തപുരത്ത് കുന്നത്തുകാൽ ചാവടിയിലാണ് സംഭവം. വിൻസെന്റ് (52) ആണ് മരിച്ചത്. വീടിന്റെ മുകൾനിലയിൽ നിർമാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കെയാണ് വിൻസെന്റിനും ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ടുപേർക്കും ഇടിമിന്നലേറ്റത്.

സംഭവത്തിന് പിന്നാലെ വിൻസെന്റിനെ അടിയന്തരമായി കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. മിന്നലേറ്റ മറ്റ് രണ്ടുപേരും ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

അതേസമയം, തിരുവനന്തപുരം ജില്ലയിൽ കാലാവസ്ഥ മോശമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. ഉച്ചയ്ക്ക് 2.30ന് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തുടർന്നുള്ള മൂന്ന് മണിക്കൂറിൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

മഴയ്‌ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പ്രതികൂല കാലാവസ്ഥ തുടരുന്ന സാഹചര്യത്തിൽ തുറസ്സായ സ്ഥലങ്ങളിലും നിർമാണ മേഖലകളിലും ജോലി ചെയ്യുന്നവർ പ്രത്യേക ജാഗ്രത പുലർത്തേണ്ടതുണ്ട്.