ഒഡെപെക് വഴി യു.എ.ഇയിൽ 40 തൊഴിൽ അവസരങ്ങൾ; ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തെ തൊഴിൽ കരാറിന്റെ അടിസ്ഥാനത്തിൽ യു.എ.ഇയിൽ ജോലി ചെയ്യാൻ അവസരം ലഭിക്കും

ഒഡെപെക് വഴി യു.എ.ഇയിൽ 40 തൊഴിൽ അവസരങ്ങൾ; ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് (ODEPC) മുഖേന യു.എ.ഇയിലെ പ്രമുഖ കമ്പനിയിൽ സ്ട്രക്ചറൽ ഫാബ്രിക്കേറ്റർ തസ്തികയിലേക്ക് നിയമനം നടക്കുന്നു. സാങ്കേതിക മേഖലയിലെ പ്രവൃത്തിപരിചയമുള്ള ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കായി ആകെ 40 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ അപേക്ഷിക്കാവുന്നതാണ്.

അപേക്ഷിക്കുന്നവർക്ക് ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തിപരിചയം നിർബന്ധമാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രണ്ട് വർഷത്തെ തൊഴിൽ കരാറിന്റെ അടിസ്ഥാനത്തിൽ യു.എ.ഇയിൽ ജോലി ചെയ്യാൻ അവസരം ലഭിക്കും. ഉദ്യോഗാർഥിയുടെ പരിചയവും വൈദഗ്ധ്യവും അനുസരിച്ചായിരിക്കും ശമ്പളം നിശ്ചയിക്കുക.

ജോലിക്കാർക്ക് കമ്പനി സൗജന്യ താമസസൗകര്യം ഒരുക്കും. താമസസ്ഥലത്ത് നിന്ന് ജോലിസ്ഥലത്തേക്കും തിരിച്ചും യാത്ര ചെയ്യാൻ ഗതാഗത സൗകര്യവും ലഭ്യമാക്കും. മെഡിക്കൽ ഇൻഷുറൻസ്, ജോലി സമയത്ത് ഉണ്ടാകാവുന്ന അപകടങ്ങൾക്ക് 'Workers Compensation' പരിരക്ഷ എന്നിവയും തൊഴിൽ പാക്കേജിന്റെ ഭാഗമായിരിക്കും.

ദിവസം ഒൻപത് മണിക്കൂറാണ് ജോലി സമയം. ഇതിൽ ഒരു മണിക്കൂർ വിശ്രമത്തിനായി അനുവദിക്കും. ആവശ്യാനുസരണം ദിവസം നാല് മണിക്കൂർ വരെ ഓവർടൈം ചെയ്യാനുള്ള അവസരവും ലഭിക്കും. അധിക ജോലിക്ക് നിയമപ്രകാരമുള്ള ഓവർടൈം ആനുകൂല്യങ്ങളും നൽകും.

താൽപര്യമുള്ള ഉദ്യോഗാർഥികൾ പുതുക്കിയ ബയോഡാറ്റ, പാസ്‌പോർട്ട് പകർപ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കണം. അപേക്ഷകൾ jobs@odepc.in എന്ന ഇ-മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം. ഇ-മെയിലിന്റെ Subject ഭാഗത്ത് "Structural Fabricator" എന്ന് നിർബന്ധമായും രേഖപ്പെടുത്തണം.