വിമാനത്തിനുള്ളിലെ സുരക്ഷാ വീഴ്ച: ഇസ്രയേലിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി ഫ്ലൈ ദുബായ്

ഫ്ലൈ ദുബായ് ഇസ്രയേലിലേക്കുള്ള സർവീസുകൾ നിർത്തിവെച്ചു.

വിമാനത്തിനുള്ളിലെ സുരക്ഷാ വീഴ്ച: ഇസ്രയേലിലേക്കുള്ള സർവീസുകൾ താൽക്കാലികമായി റദ്ദാക്കി ഫ്ലൈ ദുബായ്

ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പുറപ്പെട്ട ഫ്ലൈദുബാ​യ് (FZ 1073) വിമാനത്തിന്റെ കോക്ക്പിറ്റിൽ ജീവനക്കാർ തമ്മിലുണ്ടായ രൂക്ഷമായ തർക്കത്തെയും കൈയാങ്കളിയെയും തുടർന്ന് ഇസ്രയേലിലേക്കുള്ള സർവീസുകൾ ഫ്ലൈദുബായ് താൽക്കാലികമായി നിർത്തിവെച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രമുഖ എയർലൈനായ എമിറേറ്റ്‌സും ടെൽ അവീവിലേക്കുള്ള കോഡ്‌ഷെയർ സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്.

സെപ്റ്റംബർ 30-ന് പറന്നുയർന്ന വിമാനത്തിനുള്ളിൽ സഹപൈലറ്റ് നടത്തിയ ആക്രമണത്തെ തുടർന്ന് വിമാനത്തിൽ നിന്ന് ആദ്യം '7500' (ഹൈജാക്ക് സൂചന), പിന്നീട് '7700' (ജനറൽ എമർജൻസി) എന്നീ അടിയന്തര സന്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. തുടർന്ന് മറ്റ് ക്രൂ അംഗങ്ങൾ ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയും, വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട് സുരക്ഷിതമായി ലാൻഡ് ചെയ്യിക്കുകയുമായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ചില ജീവനക്കാരെ സൗദിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും തബൂക്കിൽ കുടുങ്ങിയവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാൻ രണ്ട് പകരം വിമാനങ്ങൾ അയച്ചതായും ഫ്ലൈദുബായ് വ്യക്തമാക്കി. സംഭവത്തിൽ യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാകുന്നതുവരെ അപവാദങ്ങളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

അതേസമയം, കോക്ക്പിറ്റിലെ ആക്രമണത്തെ സമയോചിതമായി ചെറുത്ത് വലിയൊരു ദുരന്തം ഒഴിവാക്കിയ വിമാനത്തിലെ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. ക്യാപ്റ്റൻ സ്മിത് ഒരു യഥാർത്ഥ ഹീറോയാണെന്നും അദ്ദേഹത്തിന്റെ ധീരതയിൽ രാജ്യം അഭിമാനിക്കുന്നുവെന്നും പ്രധാനമന്ത്രി എക്സിൽ (X) കുറിച്ചു.