യുഎഇയിൽ ചരിത്രനേട്ടം; ദുബൈ–അബുദാബി ആദ്യ യാത്രാ ട്രെയിൻ സർവീസ് ആരംഭിച്ചു

പുതിയ റെയിൽ സർവീസ് യുഎഇയിലെ പൊതുഗതാഗത രംഗത്ത് നിർണായക മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ വിവിധ എമിറേറ്റുകളെ റെയിൽ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ള സ്ഥിരം യാത്രക്കാർക്കും ഇത് പ്രയോജനപ്പെടും

യുഎഇയിൽ ചരിത്രനേട്ടം; ദുബൈ–അബുദാബി ആദ്യ യാത്രാ ട്രെയിൻ സർവീസ് ആരംഭിച്ചു

ദുബൈ: യുഎഇയിലെ യാത്രാ സംവിധാനത്തിൽ പുതിയ അധ്യായത്തിന് തുടക്കമിട്ട് ഇത്തിഹാദ് റെയിലിന്റെ ആദ്യ പാസഞ്ചർ സർവീസ് ദുബൈയിൽ നിന്ന് അബുദാബിയിലെത്തി. യാത്രക്കാരുമായി പുറപ്പെട്ട ട്രെയിൻ ദുബൈയിലെ അൽ യലായിസ് സ്റ്റേഷനിൽ നിന്ന് യാത്ര ആരംഭിച്ച് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിലാണ് എത്തിയത്.

രാവിലെ 6.14ന് അൽ യലായിസ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട ട്രെയിൻ 7.18ന് അബുദാബിയിലെത്തി. തുടർന്ന് അബുദാബിയിൽ നിന്ന് 7.43ന് തിരിച്ചുപുറപ്പെട്ട സർവീസ് 8.47ന് ദുബൈയിലെത്തി. ഏകദേശം ഒരു മണിക്കൂർ കൊണ്ട് രണ്ട് പ്രധാന എമിറേറ്റുകൾക്കിടയിലെ യാത്ര പൂർത്തിയാക്കാനാകുമെന്നതാണ് സർവീസിന്റെ പ്രധാന പ്രത്യേകത.

പുതിയ റെയിൽ സർവീസ് യുഎഇയിലെ പൊതുഗതാഗത രംഗത്ത് നിർണായക മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ. രാജ്യത്തെ വിവിധ എമിറേറ്റുകളെ റെയിൽ ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായതിനാൽ പ്രവാസികൾ ഉൾപ്പെടെയുള്ള സ്ഥിരം യാത്രക്കാർക്കും ഇത് പ്രയോജനപ്പെടും.

യാത്രക്കാരുമായി ഉദ്ഘാടന സർവീസ് വിജയകരമായി പൂർത്തിയാക്കിയതോടെ ദേശീയ റെയിൽവേ പദ്ധതിയുടെ പാസഞ്ചർ ഘട്ടത്തിനാണ് തുടക്കമായത്. രാജ്യത്തെ എമിറേറ്റുകൾ തമ്മിലുള്ള ഗതാഗതബന്ധം കൂടുതൽ ശക്തമാക്കുകയെന്ന ലക്ഷ്യത്തോടെ 2021ൽ പ്രഖ്യാപിച്ച ‘പ്രോജക്ട്സ് ഓഫ് ദി ഫിഫ്റ്റി’യുടെ ഭാഗമായാണ് നാഷണൽ റെയിൽവേ പ്രോഗ്രാം നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രഖ്യാപനത്തിന് അഞ്ച് വർഷം പൂർത്തിയാകുന്നതിന് മുമ്പുതന്നെ യാത്രാ ട്രെയിൻ സർവീസ് യാഥാർഥ്യമായിരിക്കുകയാണ്.:::