ബിസിനസ്സിലും ജീവിതനിലവാരത്തിലും ലോകത്തിന്റെ നെറുകയിൽ ദുബായും അബുദാബിയും
യുഎഇയെ ആഗോള ബിസിനസ്, നിക്ഷേപ, പ്രതിഭാ കേന്ദ്രമായി കൂടുതൽ ശക്തിപ്പെടുത്തുന്നതാണ് പുതിയ റിപ്പോർട്ടിലെ കണ്ടെത്തലുകൾ.
ദുബായ്: ബോസ്റ്റൺ കൺസൾട്ടിങ് ഗ്രൂപ്പ് (BCG) പുറത്തിറക്കിയ 'സിറ്റീസ് ഓഫ് ചോയ്സ് 4.0' റിപ്പോർട്ടിൽ സാമ്പത്തിക അവസരങ്ങൾ, ഉയർന്ന ജീവിതനിലവാരം, കാര്യക്ഷമമായ ഡിജിറ്റൽ ഭരണസേവനങ്ങൾ എന്നിവ മുൻനിർത്തി ലോകത്തിലെ മുൻനിര നഗരങ്ങളായി അബുദാബിയും ദുബായിയും ഇടംനേടി. സാമൂഹിക മൂലധന വിഭാഗത്തിൽ ആഗോളതലത്തിൽ 12-ാം സ്ഥാനവും മിഡിൽ ഈസ്റ്റിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കിയ ദുബായ്, ജനങ്ങൾ തമ്മിലുള്ള ബന്ധങ്ങളുടെ കരുത്തിൽ (Social Connections) ലോകത്ത് ഒന്നാമതെത്തി.
കൂടാതെ, സാമ്പത്തിക അവസരങ്ങളുടെ കാര്യത്തിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനം സ്വന്തമാക്കിയ ദുബായ്, ആദ്യ അഞ്ചിൽ ഇടംപിടിച്ച ഏക ഗൾഫ് നഗരമെന്ന നേട്ടവും കൈവരിച്ചു. ഡിജിറ്റൽ സേവനങ്ങൾ, അടിസ്ഥാന സൗകര്യ വികസനം, സാമ്പത്തിക വൈവിധ്യവൽക്കരണം എന്നിവയിൽ യുഎഇ നടത്തിയ വൻ നിക്ഷേപങ്ങളാണ് ഈ അംഗീകാരത്തിന് വഴിയൊരുക്കിയത്.
വെറുമൊരു വാണിജ്യ-ധനകാര്യ കേന്ദ്രങ്ങൾ എന്നതിലുപരി മികച്ച ജീവിതനിലവാരവും കാര്യക്ഷമമായ സേവനങ്ങളും ഉറപ്പുനൽകുന്ന നഗരങ്ങളായി മാറിയതോടെ, ലോകമെമ്പാടുമുള്ള നിക്ഷേപകരെയും സംരംഭകരെയും വിദഗ്ധ തൊഴിലാളികളെയും ആകർഷിക്കുന്ന ആഗോള ബിസിനസ്-പ്രതിഭാ കേന്ദ്രമായി യുഎഇയുടെ സ്ഥാനം കൂടുതൽ ഉറപ്പിച്ചു.
Comments ()