15 ദിവസത്തിൽ ₹41.50 കോടി; പ്രിയദർശിനി പദ്ധതിക്ക് സർക്കാർ ധനസഹായം

ജൂൺ 15 മുതൽ 30 വരെ സൗജന്യ യാത്ര നൽകിയതിന്റെ ചെലവാണ് ബജറ്റിൽ പദ്ധതിക്കായി വകയിരുത്തിയ ₹600 കോടി രൂപയിൽ നിന്ന് അനുവദിച്ചിരിക്കുന്നത്

15 ദിവസത്തിൽ ₹41.50 കോടി; പ്രിയദർശിനി പദ്ധതിക്ക് സർക്കാർ ധനസഹായം

തിരുവനന്തപുരം: പ്രിയദർശിനി സ്ത്രീ സൗജന്യ യാത്രാ പദ്ധതിയുടെ ആദ്യഘട്ട ചെലവിനായി കെഎസ്ആർടിസിക്ക് ₹41.50 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ജൂൺ 15 മുതൽ 30 വരെ സൗജന്യ യാത്ര നൽകിയതിന്റെ ചെലവാണ് ബജറ്റിൽ പദ്ധതിക്കായി വകയിരുത്തിയ ₹600 കോടി രൂപയിൽ നിന്ന് അനുവദിച്ചിരിക്കുന്നത്.

പദ്ധതി നിലവിൽ വന്നതിന് പിന്നാലെ കെഎസ്ആർടിസി ബസുകളിലെ വനിതാ യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിനം ഏകദേശം ആറുലക്ഷമായിരുന്ന വനിതാ യാത്രക്കാരുടെ എണ്ണം നിലവിൽ 12 ലക്ഷത്തോളം എത്തിയെന്നാണ് വിലയിരുത്തൽ.

ആദ്യ 15 ദിവസത്തിനുള്ളിൽ മാത്രം ₹41.50 കോടി ചെലവായതോടെ, നിലവിലെ യാത്രക്കാരുടെ എണ്ണം തുടർന്നാൽ പ്രതിമാസ ചെലവ് ₹80 കോടിക്ക് മുകളിലെത്താൻ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടൽ.

എന്നാൽ പദ്ധതിയുടെ തുടക്കത്തിലെ ആവേശം മൂലം ആദ്യ ദിവസങ്ങളിൽ കൂടുതൽ സ്ത്രീകൾ യാത്ര ചെയ്തതാണ് ചെലവ് വർധിക്കാൻ കാരണമായതെന്നാണ് കെഎസ്ആർടിസിയുടെ വിലയിരുത്തൽ. യാത്രക്കാരുടെ എണ്ണം പിന്നീട് സ്ഥിരത കൈവരിക്കുന്നതോടെ പ്രതിമാസ ചെലവിലും മാറ്റമുണ്ടാകാമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്.