പത്തുവയസുകാരിയെ 70-കാരൻ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒളിച്ചിരുന്ന് ഫോണിൽ പകർത്തി; മലപ്പുറത്ത് 46-കാരൻ അറസ്റ്റിൽ

കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി വിജയകുമാർ (70) കളിപ്പാട്ടങ്ങൾ നൽകാമെന്ന് പറഞ്ഞ് കുട്ടിയെ വീടിനടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി അതിക്രമം നടത്തിയെന്നാണ് കേസ്

പത്തുവയസുകാരിയെ 70-കാരൻ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ ഒളിച്ചിരുന്ന് ഫോണിൽ പകർത്തി; മലപ്പുറത്ത് 46-കാരൻ അറസ്റ്റിൽ

മലപ്പുറം: പത്തുവയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയെന്ന കേസിൽ 46-കാരൻ അറസ്റ്റിൽ. തിരുവാലി പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി നൗഫലിനെയാണ് എടവണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇയാളുടെ ഫോണിൽ നിന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

കഴിഞ്ഞ ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പത്തിരിയാൽ വട്ടപ്പറമ്പ് സ്വദേശി വിജയകുമാർ (70) കളിപ്പാട്ടങ്ങൾ നൽകാമെന്ന് പറഞ്ഞ് കുട്ടിയെ വീടിനടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി അതിക്രമം നടത്തിയെന്നാണ് കേസ്. കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്നത് നൗഫൽ കാണുകയും പിന്നാലെ ഇയാൾ ഒളിച്ചുനിന്ന് സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയുമായിരുന്നു.

കുട്ടിയുടെ പെരുമാറ്റത്തിൽ മാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വീട്ടുകാർ വിവരങ്ങൾ അന്വേഷിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വിജയകുമാറിനെ പൊലീസ് ഈ മാസം 11ന് അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.

കേസിന്റെ തുടർ അന്വേഷണത്തിനിടെയാണ് അതിക്രമത്തിന്റെ ദൃശ്യങ്ങൾ മറ്റൊരാൾ പകർത്തിയതായി പൊലീസിന് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നൗഫലിനെ കണ്ടെത്തിയത്. മൊബൈൽ ഫോൺ പരിശോധിച്ചതോടെ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്നതായും പൊലീസ് കണ്ടെത്തി.

നൗഫലിന്റെ മൊബൈൽ ഫോൺ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഫോണിലെ ദൃശ്യങ്ങളും മറ്റ് ഡിജിറ്റൽ തെളിവുകളും വിശദമായി പരിശോധിച്ചുവരികയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.