ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ പാത്രത്തിലെടുത്ത് കുറ്റിക്കാട്ടിൽ തള്ളി; നവജാത ശിശുവിന്റെ മൃതദേഹം ഉറുമ്പരിച്ച നിലയില്‍

കുഞ്ഞിനെ ശുചിമുറിയിൽ ഉണ്ടായിരുന്ന പാത്രത്തിലെടുത്ത് വീടിനു സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് എറിഞ്ഞെന്നുമാണു പൊലീസിന്റെ നിഗമനം.

ശുചിമുറിയിൽ പ്രസവിച്ചു, കുഞ്ഞിനെ പാത്രത്തിലെടുത്ത് കുറ്റിക്കാട്ടിൽ തള്ളി; നവജാത ശിശുവിന്റെ മൃതദേഹം ഉറുമ്പരിച്ച നിലയില്‍

അടിമാലി / കോട്ടയം : തോക്കുപാറ ശങ്കുപ്പടിക്കു സമീപം സൗഹൃദഗിരിയിൽ കണ്ടെത്തിയ നവജാത ശിശുവിന്റെ മൃതദേഹം ആൺകുഞ്ഞിന്റേതാണെന്ന് പോസ്റ്റ്മോർട്ടത്തിൽ സ്ഥിരീകരിച്ചു. അണുബാധയെത്തുടർന്നുണ്ടായ കടുത്ത രക്തസ്രാവത്തിന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അടിമാലി സ്വദേശിനിയായ യുവതിയെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. യുവതി വീട്ടിലെ ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ അവിടെയുണ്ടായിരുന്ന പാത്രത്തിലെടുത്ത് വീടിനു സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഈ മാസം 20-ന് അമിത രക്തസ്രാവത്തെത്തുടർന്ന് യുവതി അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. പരിശോധനയിൽ യുവതി ഗർഭിണിയായിരുന്നതായി ഡോക്ടർക്ക് സംശയം തോന്നുകയും, വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുകയുമായിരുന്നു. തുടർന്ന് ഞായറാഴ്ച ഉച്ചയോടെ യുവതിയുടെ വീടിനു സമീപം പൊലീസ് നടത്തിയ തിരച്ചിലിലാണ് ഉറുമ്പും പുഴുവുമരിച്ച് വികൃതമായ നിലയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം നടപടികൾക്കു ശേഷം കുഞ്ഞിന്റെ സംസ്കാരം നടത്തി.

ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനിലയിൽ നിലവിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സയിലുള്ള യുവതിയെ ഇന്ന് ഐസിയുവിൽ നിന്നും വാർഡിലേക്ക് മാറ്റാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.