തടാകത്തിൽ കുളിക്കാനിറങ്ങിയ 4 വിദ്യാർഥിനികളും ഹോസ്റ്റൽ ജീവനക്കാരിയും മുങ്ങിമരിച്ചു

13നും 16നും ഇടയിൽ പ്രായമുള്ള കുട്ടികൾ ആണ് മരിച്ചത്. 3 പേർക്ക് നീന്തൽ അറിയില്ലായിരുന്നു എന്നാണ് റിപ്പോർട്ട്.

തടാകത്തിൽ കുളിക്കാനിറങ്ങിയ 4 വിദ്യാർഥിനികളും ഹോസ്റ്റൽ ജീവനക്കാരിയും മുങ്ങിമരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിൽ തടാകത്തിൽ കുളിക്കാനിറങ്ങിയ നാല് പെൺകുട്ടികളും ഒരു ഹോസ്റ്റൽ ജീവനക്കാരിയും മുങ്ങിമരിച്ചു. ദീപാവലി അവധിയോടനുബന്ധിച്ച് തിരുവണ്ണാമലയിലെ സമുദ്രം തടാകത്തിൽ സന്ദർശനത്തിനെത്തിയ 10 അംഗ സംഘമാണ് അപകടത്തിൽപ്പെട്ടത്. സർക്കാർ ഹോസ്റ്റലിൽ താമസിച്ച് പഠിച്ചിരുന്ന 13-നും 16-നും ഇടയിൽ പ്രായമുള്ള കുട്ടികളും ഇവരോടൊപ്പം ഉണ്ടായിരുന്നു.

സംഘത്തിലെ മൂന്നുപേർക്ക് നീന്തൽ വശമില്ലായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കുളിക്കുന്നതിനിടെ സുരക്ഷാ സംവിധാനങ്ങളില്ലാത്ത തടാകത്തിലെ ആഴമേറിയ ഭാഗത്ത് ഇവർ അകപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും രക്ഷാപ്രവർത്തകരും ചേർന്നാണ് മൃതദേഹങ്ങൾ കരയ്‌ക്കെടുത്തത്.

മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്‌മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിൽ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്‌.