കൊലക്കേസ് തലവേദനയ്ക്കിടയിലും വിവാഹാഘോഷം; മകളുടെ കല്യാണത്തിന് കോടികളുടെ ഒരുക്കവുമായി അനന്ത് സിങ്
ബിഹാറിലെ മൊകാമ എംഎൽഎ അനന്ത് സിങ്ങിന്റെ മകൾ ശിവാംഗി സിങ്ങിന്റെ വിവാഹമാണ് ഇപ്പോൾ വൻ ചർച്ചയാകുന്നത്. നവംബർ 25ന് ഋഷികേശ് കുമാറുമായുള്ള വിവാഹം ലാഡ്മയിലെ കുടുംബവസതിയിൽ നടക്കും
പാട്ന: ഒരു വിവാഹത്തിനായി ഇത്രയധികം ഒരുക്കങ്ങളോ? നാല് ലക്ഷം അതിഥികളെ സ്വീകരിക്കാനുള്ള പന്തൽ, വിദേശത്തുനിന്ന് എത്തിക്കുന്ന പൂക്കൾ, നൂറടി നീളമുള്ള വിവാഹവേദി, ഒപ്പം കുതിരയോട്ട മത്സരവും. മത്സരത്തിൽ ജേതാവാകുന്നയാൾക്ക് സമ്മാനമായി ലഭിക്കുക മഹീന്ദ്ര ഥാർ. ബിഹാറിലെ മൊകാമ എംഎൽഎ അനന്ത് സിങ്ങിന്റെ മകൾ ശിവാംഗി സിങ്ങിന്റെ വിവാഹമാണ് ഇപ്പോൾ വൻ ചർച്ചയാകുന്നത്. നവംബർ 25ന് ഋഷികേശ് കുമാറുമായുള്ള വിവാഹം ലാഡ്മയിലെ കുടുംബവസതിയിൽ നടക്കും.
സാധാരണ വിവാഹാഘോഷങ്ങളുടെ പരിധി കടന്നുള്ള ഒരുക്കങ്ങളാണ് ചടങ്ങിനായി നടക്കുന്നത്. അതിഥികളുടെ എണ്ണം നാല് ലക്ഷം കടക്കുമെന്ന കണക്കുകൂട്ടലിലാണ് വിശാലമായ പന്തൽ തയ്യാറാക്കുന്നത്. ഇതിന്റെ നിർമ്മാണത്തിനായി ഉത്തർപ്രദേശിൽ നിന്നുള്ള ശിൽപികളെയാണ് എത്തിച്ചിരിക്കുന്നത്. നവംബർ 20നകം പന്തലിന്റെ പണി പൂർത്തിയാക്കാനാണ് തീരുമാനം. പ്രമുഖർക്കും രാഷ്ട്രീയ നേതാക്കൾക്കുമായി പ്രത്യേക അതിഥി പന്തലും ഒരുക്കുന്നുണ്ട്. വധൂവരന്മാർ ഇരിക്കുന്ന വേദിക്ക് നൂറടി നീളമുണ്ടാകും. സ്റ്റേജിന്റെ അലങ്കാരത്തിനായി 150 ക്വിന്റൽ ആഭരണങ്ങൾ ഉപയോഗിക്കാനാണ് പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ.
വിവാഹാഘോഷങ്ങൾക്ക് പുറമെ മത്സരങ്ങളും സമ്മാനങ്ങളുമാണ് മറ്റൊരു പ്രത്യേകത. കുതിരയോട്ടത്തിനായി പ്രത്യേകം മൈതാനം ഒരുക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുതിരകൾ പങ്കെടുക്കുന്ന മത്സരത്തിലെ ഒന്നാം സ്ഥാനക്കാരന് മഹീന്ദ്ര ഥാർ ലഭിക്കും. രണ്ടാം സമ്മാനമായി ഇരുചക്ര വാഹനവും നൽകും. വിവാഹശേഷം ദമ്പതികൾക്ക് താമസിക്കാനായി ബിഹാതയിൽ പുതിയ വീടും അനന്ത് സിങ് നിർമ്മിച്ചിട്ടുണ്ട്. വിവാഹത്തിന് മുന്നോടിയായുള്ള പൂജകളും ചടങ്ങുകളും ഇവിടെ നടക്കും. തുടർന്ന് ഇവിടെനിന്ന് ലാഡ്മയിലെ തറവാട്ടുവീട്ടിലേക്ക് ഘോഷയാത്രയായി എത്തും.
അതിനിടെ, കൊലക്കേസുമായി ബന്ധപ്പെട്ട് ഡിസംബർ ഒന്നിന് കോടതിയിൽ കീഴടങ്ങണമെന്ന ഉത്തരവ് നിലനിൽക്കെയാണ് അനന്ത് സിങ് മകളുടെ വിവാഹത്തിനായി ഇത്രയും വലിയ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. മുൻ മുഖ്യമന്ത്രി നിതീഷ് കുമാറുമായി ബന്ധപ്പെട്ട പരാമർശങ്ങളിലൂടെയും വിവാദ പ്രസ്താവനകളിലൂടെയും വാർത്തകളിൽ ഇടംപിടിച്ചിട്ടുള്ള അനന്ത് സിങ് 'ഛോട്ടേ സർക്കാർ' എന്ന പേരിലാണ് അറിയപ്പെടുന്നത്.
Comments ()