ചാറ്റ്ജിപിടിയുടെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമം; എഐക്കെതിരെ കേസ് കൊടുത്ത് യുവാവ്

തെളിവ് നശിപ്പിക്കൽ തുടങ്ങിയ വിവരങ്ങൾ ചാറ്റ്ജിപിടി നൽകിയെന്നാണ് ഹർജിയിൽ പറയുന്നത്.

ചാറ്റ്ജിപിടിയുടെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്താൻ ശ്രമം; എഐക്കെതിരെ കേസ് കൊടുത്ത് യുവാവ്

തന്റെ ജീവനെടുക്കാൻ ഭാര്യ നടത്തിയ ഗൂഢാലോചനയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിടിക്കും പങ്കുണ്ടെന്നാരോപിച്ച് വടക്കൻ കരോലിന സ്വദേശിയായ ജെയിംസ് ഗേറ്റ്സ് ഓപ്പൺഎഐക്കെതിരെയും കമ്പനി സി.ഇ.ഒ സാം ആൾട്ട്മാനുമെതിരെയും സാൻ ഫ്രാൻസിസ്കോ കൗണ്ടി സുപ്പീരിയർ കോടതിയിൽ കേസ് ഫയൽ ചെയ്തു. കഴിഞ്ഞ വർഷം ഷെറിൽ ഗേറ്റ്സ് തനിക്ക് വിഷം നൽകി വധിക്കാൻ ശ്രമിച്ചെങ്കിലും അത്ഭുതകരമായാണ് രക്ഷപ്പെട്ടതെന്നും, ഭാര്യയുടെ ചാറ്റ് ഹിസ്റ്ററി പരിശോധിച്ചപ്പോഴാണ് അവൾ ഒറ്റയ്ക്കല്ലിത് ചെയ്തതെന്ന് മനസ്സിലായതെന്നും ജെയിംസ് അഭിഭാഷകർ വഴി വ്യക്തമാക്കി.

2025-ൽ ദാമ്പത്യ പ്രശ്നങ്ങൾക്കും മറ്റും ചാറ്റ്ജിപിടിയുടെ ഉപദേശം തേടിയിരുന്ന ഷെറിൽ, ക്രമേണ ഇതിനെ തന്റെ ഏറ്റവും അടുത്ത സുഹൃത്തായി കാണാൻ തുടങ്ങുകയും ചർച്ചകൾ ഭർത്താവിനെ വിഷം കൊടുത്ത് കൊല്ലുന്നതിനുള്ള കൃത്യമായ പദ്ധതികളിലേക്ക് വഴിമാറുകയും ചെയ്യുകയായിരുന്നു. ഭർത്താവിന്റെ ശരീരഭാരത്തിന് അനുയോജ്യമായ വിഷത്തിന്റെ അളവ്, നൽകേണ്ട രീതികൾ, തെളിവ് നശിപ്പിക്കൽ തുടങ്ങിയ നിർദ്ദേശങ്ങൾ ചാറ്റ്ജിപിടി നൽകിയെന്നാണ് ഹർജിയിലെ പ്രധാന ആരോപണം.

ജൂലൈയിൽ ജെയിംസിന് കടുത്ത ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെടുകയും, അരളി ഉൾപ്പെടെയുള്ളവയുടെ വിവരങ്ങളും ചാറ്റ് ലോഗുകൾ മായ്ക്കാനുള്ള നിർദ്ദേശങ്ങളും അടങ്ങിയ ഭാര്യയുടെ കുറിപ്പ് കണ്ടെത്തിയതോടെയാണ് വധശ്രമം പുറത്തുവന്നത്. നെഗ്ലിജെന്റ് ഡിസൈൻ, മുന്നറിയിപ്പ് നൽകുന്നതിൽ വന്ന പരാജയം തുടങ്ങി ഒമ്പത് പ്രധാന ആരോപണങ്ങൾ ഓപ്പൺഎഐയ്ക്കെതിരെ ഉന്നയിച്ചിട്ടുള്ളപ്പോൾ, സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന കമ്പനി ആരോപണവിധേയയായ ഉപയോക്താവിനെ പ്ലാറ്റ്‌ഫോമിൽ നിന്ന് വിലക്കുകയും അന്വേഷണ ഏജൻസികൾക്ക് ആവശ്യമായ വിവരങ്ങൾ കൈമാറുകയും ചെയ്തിട്ടുണ്ടെന്ന് ഓപ്പൺഎഐ വക്താവ് വ്യക്തമാക്കി.